Kerala

അനുഭവങ്ങളുടെ 150 വര്‍ഷങ്ങളുമായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം

സമൂഹത്തിലെ അവഗണനയുടെയും പരിഹാസത്തിന്റെയും പര്യായമായി കണക്കാക്കിയിരുന്ന ഈ കേന്ദ്രം ഇന്ന് അറിയപ്പെടുന്ന മാനസികാരോഗ്യ ചികിത്സാ കേന്ദ്രവും പഠന-ഗവേഷണ കേന്ദ്രവുമാണ്.

അനുഭവങ്ങളുടെ 150 വര്‍ഷങ്ങളുമായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം
X

തിരുവനന്തപുരം: കേരളത്തിലെ മാനസികാരോഗ്യ ചികിത്സാരംഗത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 150 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1870 ല്‍ തിരുവിതാംകൂര്‍ രാജാവായ ആയില്യം തിരുനാളാണ് ഈ സ്ഥാപനം സ്ഥാപിച്ചത്. ആധുനിക അലോപ്പതി ചികിത്സ കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് മാനസികാരോഗ്യ ചികിത്‌സയുടെ തുടക്കം. അവിടെ നിന്ന് 1870 ലാണ് മാനസികരോഗം, കുഷ്ഠരോഗം എന്നിവയ്ക്കായി ഈ കേന്ദ്രം ആരംഭിച്ചത്.

150 വര്‍ഷം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ പൊതുസമൂഹത്തില്‍ നിന്നും മാനസിക രോഗങ്ങളോടും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരോടുമുള്ള അവഗണന അവസാനിപ്പിക്കുക എന്ന വിഷയത്തിലാണ് ഊന്നല്‍ നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. സമൂഹത്തിലെ അവഗണനയുടെയും പരിഹാസത്തിന്റെയും പര്യായമായി കണക്കാക്കിയിരുന്ന ഈ കേന്ദ്രം ഇന്ന് അറിയപ്പെടുന്ന മാനസികാരോഗ്യ ചികിത്സാ കേന്ദ്രവും പഠന-ഗവേഷണ കേന്ദ്രവുമാണ്. രോഗികളുടെ പുനരധിവാസത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നെയ്ത്ത് യൂണിറ്റ്, മെഡിസിന്‍ കവര്‍ മേക്കിംഗ് യൂണിറ്റ്, ലോഷന്‍ മേക്കിംഗ് യൂണിറ്റ്, ബുക്ക് ബൈന്റിംഗ് യൂണിറ്റ്, മെഴുകുതിരി നിര്‍മ്മാണം, കുട നിര്‍മ്മാണം, അഗര്‍ബത്തി നിര്‍മ്മാണം, ബ്രഡ് നിര്‍മ്മാണം, എച്ച്എല്‍എല്‍ പീലിംഗ് യൂണിറ്റ് തുടങ്ങിയവയും നടന്നുവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് അസുഖം ഭേദമായ രോഗികള്‍ക്ക് തൊഴില്‍ പരിശീലനം ലഭിക്കുന്നതോടൊപ്പം സ്വന്തംകാലില്‍ നിലനില്‍ക്കാനും ചെറിയ വരുമാനം ലഭ്യമാക്കാനും കഴിയുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന രോഗികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാനന്തരം രോഗവിമുക്തി കൈവരിച്ചവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌നേഹക്കൂട് എന്ന പേരില്‍ ഒരു പുന:രധിവാസ പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ തിരുവനന്തപുരത്തു നിന്നും 92, തൃശൂരില്‍ നിന്നും 52, കോഴിക്കോട് നിന്നും 67 എന്നിങ്ങനെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും 211 പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്ക് തുടക്കമാകുകയാണ്. ഈ മാസം 24 ന് ഉച്ചയ്ക്ക് 12.30 ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപി., അഡ്വ.വി കെ പ്രശാന്ത് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

150 വര്‍ഷം പിന്നിടുന്ന ഈ കേന്ദ്രത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ആലോചന, കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ തയ്യാറാക്കിയ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ്, സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ നിന്നും ലഭിച്ച 20 ചര്‍ക്കകള്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഈ പ്രവര്‍ത്തനത്തിലൂടെ ഓരോ അന്തേവാസിയുടെയും മാനസിക-ശാരീകരിക ഉല്ലാസത്തിനും തൊഴില്‍ പരിശീലനത്തിനും പുറമേ പ്രതിദിനം ഏകദേശം 200 രൂപയോളം സമ്പാദിക്കാനും കഴിയുന്നു. അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന സ്‌നേഹസദ്യയും ഇതോടൊപ്പം നടക്കും.

Next Story

RELATED STORIES

Share it