Kerala

ഐഎഫ്എഫ്കെ: ഇന്ന് 52 സിനിമകള്‍; പാസ്സ്ഡ് ബൈ സെൻസർ, നോ ഫാദേഴ്സ് ഇന്‍ കാശ്മീർ പുനര്‍പ്രദര്‍ശനം

മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി,ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

ഐഎഫ്എഫ്കെ: ഇന്ന് 52 സിനിമകള്‍; പാസ്സ്ഡ് ബൈ സെൻസർ, നോ ഫാദേഴ്സ് ഇന്‍ കാശ്മീർ പുനര്‍പ്രദര്‍ശനം
X

തിരുവനന്തപുരം: രാജ്യാന്തര മേളയില്‍ ഇന്ന് കാഴ്ചയിലെ ലോക വൈവിധ്യങ്ങളുമായി 52 സിനിമകള്‍. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനര്‍പ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്സ് ഇന്‍ കാശ്മീരും ആണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. രാത്രി 8:30 ന് നിശാഗന്ധിയിലാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ പ്രദര്‍ശനം.

മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി, ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.

ഗുട്ടറസിന്റെ വേര്‍ഡിക്ട്, ലാജ് ലിയുടെ ലെസ് മിസറബിള്‍സ്, എംറേ കാവുകിന്റെ ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി എന്നിവ ഉള്‍പ്പടെ ലോക സിനിമ വിഭാഗത്തില്‍ 21 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക. പ്രശസ്ത സംവിധായകൻ രാജീവ് മേനോന്റെ റിഥം ഈസ് എവെരിവെയര്‍ എന്ന സിനിമയും ഇന്ന് പ്രദര്‍ശനത്തിനെത്തും. ഇറാനി ചിത്രം കാസില്‍ ഓഫ് ഡ്രീംസിന്റെ പ്രദര്‍ശനം ഉച്ചയ്ക്ക് 12ന് ശ്രീ തീയേറ്ററില്‍ നടക്കും.

സോളാനാസ് ചിത്രം ടാംഗോ, എക്‌സൈല്‍ ഓഫ് ഗ്രാഡെല്‍ രാവിലെ 9.30നു നിളയിലാണ് പ്രദര്‍ശിപ്പിക്കുക. ജന്മദേശമായ അര്‍ജന്റീനയെ ഓര്‍ത്തു പാരീസില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

കണ്ടമ്പററി വിഭാഗത്തില്‍ റോയ് ആന്‍ഡേഴ്‌സണിന്റെ രണ്ട് സിനിമകളും ടോണി ഗാറ്റ്‌ലിഫിന്റെ കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജാമും പ്രദര്‍പ്പിക്കും. കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ അഞ്ച് ചിത്രങ്ങളും പോസ്റ്റ് യുഗോസ്ലാവിന്‍ വിഭാഗത്തില്‍ ഐഡ ബെഗിച്ചിന്റെ സ്‌നോയും പ്രദര്‍ശനത്തിനെത്തും.

പ്രേക്ഷക ഹൃദയം കീഴടക്കി ഹൈഫാ സ്ട്രീറ്റ്

ഇറാഖിലെ സാമൂഹികജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന ഹൈഫാ സ്ട്രീറ്റ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകസ്വീകാര്യത നേടി. ബാഗ്ദാദിലെ ഹൈഫാ സ്ട്രീറ്റിൽ നടക്കുന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കി മോഹനാദ് ഹയാല്‍ ആണ് ഹൈഫാ സ്ട്രീറ്റ് ഒരുക്കിയത്. മറാത്തി സംവിധായകനായ സമീർ വിദ്വാൻസ് സംവിധാനം ചെയ്ത ബയോപിക് ചിത്രം ആനന്ദി ഗോപാലും പ്രേക്ഷകപ്രീതി നേടി.


കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ അപര്‍ണ സെന്‍ സംവിധാനം ചെയ്ത ദി ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ എന്ന ചിത്രവും നിറഞ്ഞ സദസിലായിരുന്നു പ്രദർശിപ്പിച്ചത്. ബോറിസ് ലോജ്‌കൈന്‍ സംവിധാനം ചെയ്ത കാമില്‍, ടൊറന്റോ മേളയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍, ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ജെല്ലിക്കെട്ട് എന്നിവയും പ്രേക്ഷകസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട, ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പ്രക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഹൈഫാ സ്ട്രീറ്റ് എന്ന ചിത്രത്തിന്റെ പുനഃ പ്രദര്‍ശനവും കലാഭവന്‍ തീയേറ്ററില്‍ നടന്നു.

Next Story

RELATED STORIES

Share it