Kerala

മോദി സ്തുതി: അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കി പ്രവര്‍ത്തിച്ചുവന്ന അബ്ദുല്ലകുട്ടിയോട് കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്.

മോദി സ്തുതി: അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി
X

തിരുവനന്തപുരം: നരേന്ദ്രമോദിയേയും ബിജെപിയേയും പുകഴ്ത്തിയ എ പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. അബ്ദുല്ലക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിര്‍ദേശത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതി നല്‍കി. ഇക്കാര്യം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചതോടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അൽപം മുമ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കി പ്രവര്‍ത്തിച്ചുവന്ന അബ്ദുല്ലകുട്ടിയോട് കെപിസിസി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് പരിഹാസപൂര്‍വമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. കൂടാതെ പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അബ്ദുല്ലകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

മോദിയെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടിയോട് കെപിസിസി കഴിഞ്ഞ ദിവസമാണ് വിശദീകരണം തേടിയത്. കണ്ണൂര്‍ ഡിസിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നരേന്ദ്രമോദിയെ പുകഴ്ത്തിയതിനു പുറമേ കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അബ്ദുല്ലക്കുട്ടിയുടെ മോദി സ്തുതിക്കെതിരേ കണ്ണൂര്‍ ഡിസിസി യോഗത്തിലും കെപിസിസി യോഗത്തിലും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം മോദിയുടെ വിജയം മഹാവിജയമെന്ന് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പുകഴ്ത്തിയതാണു വിവാദമായത്. മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജന്‍ഡയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ആളാണ് മോദിയെന്നും അബ്ദുല്ലക്കുട്ടി പുകഴ്ത്തി.

മഞ്ചേശ്വരം സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപിയുമായി അടുക്കാനുള്ള അബ്ദുല്ലക്കുട്ടിയുടെ നീക്കമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേരുന്നത് കാത്തിരുന്നുകാണാമെന്നും ഇതുവരെ താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

Next Story

RELATED STORIES

Share it