Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ദിലീപും കൂട്ടു പ്രതികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നും മടങ്ങി.കഴിഞ്ഞ മൂന്നു ദിവസമായി ദിലീപ് അടക്കമുള്ള പ്രതികളെ 33 മണിക്കൂറാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ മൂന്നു ദിവസമായി ക്രൈബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടന്നു വന്ന നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ദിലീപും കൂട്ടു പ്രതികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നും മടങ്ങി.കഴിഞ്ഞ മൂന്നു ദിവസമായി ദിലീപ് അടക്കമുള്ള പ്രതികളെ 33 മണിക്കൂറാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകളുടെ അടക്കം ശാസ്ത്രീയ പരിശോധന ഫലം കുറച്ചു കിട്ടിയെന്നും ബാക്കി കുറച്ചു കൂടി കിട്ടാനുണ്ടെന്നും ക്രൈബാഞ്ച് എഡിജിപി എസ് ശ്രീജിത് പറഞ്ഞു.

ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു എന്നിവരാണ് മറ്റു പ്രതികള്‍.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ച മുതലാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്.രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെയായിരുന്നു ചോദ്യം ചെയ്യല്‍.ഒരോ ദിവസവും ചോദ്യം ചെയ്യലിനു ശേഷം ഇവരെ എട്ടു മണിയോടെ വിട്ടയ്ക്കുകയായിരുന്നു.വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്ന വോയ്‌സ് ക്ലിപ്പിലെ ശബ്ദം തിരിച്ചറിയുന്നതിനായി സംവിധായകന്‍ റാഫി, ദിലീപിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ജീവനക്കാര്‍ എന്നിവരടക്കമുള്ളവരെ ഇന്നലെയും ഇന്നുമായി ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.

ബാലചന്ദ്രകുമാറിന്റെ ആരോപണം ദിലീപ് പൂര്‍ണ്ണമായും ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ തന്നെ നിഷേധിച്ചിരുന്നു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു ഘട്ടത്തിലും താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണവും ചോദ്യം ചെയ്യലില്‍ ദിലീപ് നിഷേധിച്ചു.ജീവിതത്തില്‍ ഒരാളെ പോലും താന്‍ ദ്രോഹിച്ചിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം. ഇതേ നിലപാട് തന്നെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ദിലീപ് ആവര്‍ത്തിച്ചതായാണ് വിവരം.

ആദ്യ ദിവസം അഞ്ചു പേരെയും ഒറ്റയ്ക്കിരുത്തിയും ഇന്നലെയും ഇന്നും ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.പ്രതികളുടെ മൊഴികളും തെളിവുകളും ശാസ്ത്രീയ പരിശോധന ഫലവും വിശദമായി വിലയിരുത്തിയ ശേഷം ഇതു സംബന്ധിച്ച റിപോര്‍ട്ട് വ്യാഴാഴ്ച അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ഇതിന് മുമ്പ് കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.

ദിലീപ് അടക്കമുളളവര്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍,ഫോണ്‍വിളികള്‍ എന്നിവയുടെ വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. അന്വേഷണ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യഹരജിയില്‍ അന്തിമ തീര്‍പ്പു കോടതി കല്‍പ്പിക്കുയെന്നാണ് സൂചന.

Next Story

RELATED STORIES

Share it