Kerala

കോന്നി മെഡിക്കൽ കോളജ്: ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ അടൂർ പ്രകാശ് എംപി

നെടുമ്പാറയിലെ ചെങ്കുത്തായ പാറകൾ ഇടിച്ചു നിരപ്പാക്കിയും ആനകളുടെ വിഹാര കേന്ദ്രമായ ആനകുത്തിയിലെ ആനകളെ കാട്ടിലേക്ക് തുരത്തിയും 20 ദിവസങ്ങൾക്കുള്ളിൽ കോന്നി മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കിയ ആരോഗ്യ മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് പരിഹാസം.

കോന്നി മെഡിക്കൽ കോളജ്: ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ അടൂർ പ്രകാശ് എംപി
X

കോന്നി: നിർദിഷ്ട കോന്നി മെഡിക്കൽ കോളജിന്റെ പൂർത്തീകരണത്തെ ചൊല്ലി യുഡിഎഫും എൽഡിഎഫും അവകാശവാദം ഉന്നയിക്കുന്നതിനിടെ ആരോഗ്യ മന്ത്രിയെ പരിഹസിച്ച് കോന്നിയിലെ മുൻ എംഎൽഎ അടൂർ പ്രകാശ് എംപി രംഗത്ത്.

മെഡിക്കൽ കോളജ് നിലനിൽക്കുന്ന പ്രദേശത്തെ കുറിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ മുമ്പ് നിയമസഭയിൽ നടത്തിയ പരിഹാസവാക്കുകൾ ഉദ്ധരിച്ചാണ് അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നെടുമ്പാറയിലെ ചെങ്കുത്തായ പാറകൾ ഇടിച്ചു നിരപ്പാക്കിയും ആനകളുടെ വിഹാര കേന്ദ്രമായ ആനകുത്തിയിലെ ആനകളെ കാട്ടിലേക്ക് തുരത്തിയും 20 ദിവസങ്ങൾക്കുള്ളിൽ കോന്നി മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കിയ ആരോഗ്യ മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് പരിഹാസം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2012 ലാണ് കോന്നി മെഡിക്കൽ കോളജിന് അനുമതി ലഭിച്ചത്. നിർമാണം വേഗത്തിൽ ആരംഭിച്ചെങ്കിലും പാരിസ്ഥിതിക വെല്ലുവിളികൾ കാരണം യുഡിഎഫ് സർക്കാരിന് പദ്ധതി പൂർണതയിൽ എത്തിക്കാനായില്ല. തുടർന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നെങ്കിലും മെല്ലെപ്പോക്ക് തുടരുകയായിരുന്നു. എന്നാൽ അടൂർ പ്രകാശ് എംപിയായതോടെ കോന്നി ഉപതിരഞ്ഞെടുപ്പ് വന്നതോടെ മെഡിക്കൽ കോളജ് പ്രചരണായുധമായി. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കി അടുത്ത മാർച്ചിൽ ഉദ്ഘാടനം നടത്താനാണ് സർക്കാർ നീക്കം.

പദ്ധതി എൽഡിഎഫ് സർക്കാർ മനപ്പൂർവം വൈകിപ്പിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. അടൂർ പ്രകാശിന്റെ സബ്മിഷന് പദ്ധതിപ്രദേശത്തെ കളിയാക്കി നിയമസഭയിൽ ആരോഗ്യമന്ത്രി നൽകിയ മറുപടിയും ഇതിന് തെളിവായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പദ്ധതിയുടെ ഒന്നാംഘട്ടം 2015ൽ പൂർത്തീകരിക്കേണ്ടതായിരുന്നുവെന്ന് എൽഡിഎഫ്‌ പറയുന്നു. അടൂർ പ്രകാശ് റവന്യൂമന്ത്രിയായിരുന്നിട്ടും അതിനു കഴിഞ്ഞില്ല. മാത്രമല്ല നിർമാണത്തിൽ കാര്യമായ പുരോഗതി പോലും ഉണ്ടായില്ല. 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ പണി വേഗത്തിലാക്കി. ആവശ്യമായ ഫണ്ടും അനുവദിച്ചു. ഉണങ്ങിയ തൈ വെള്ളമൊഴിച്ച് വളർത്തിയെടുക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. യുഡിഎഫ് കാലത്ത് അനുവദിച്ച ഫണ്ട് 143 കോടിയാണ്. ഇതിൽ 115 കോടിയാണ് ചെലവഴിച്ചത്. എൽഡിഎഫ് 415 കോടി പുതുതായി അനുവദിച്ചതായും സിപിഎം നേതാക്കൾ പറയുന്നു.

അടൂർ പ്രകാശ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നെടുമ്പാറയിലെ "ചെങ്കുത്തായ പാറകകൾ" ഇടിച്ചു നിരപ്പാക്കിയും "ആനകളുടെ വിഹാര കേന്ദ്രമായ ആനകുത്തിയിലെ" ആനകളെ കാട്ടിലേക്ക് തുരത്തിയും '20 ദിവസങ്ങൾക്കുള്ളിൽ' കോന്നി മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കിയ ആരോഗ്യ വകുപ്പ് മന്ത്രിക്ക് അഭിനന്ദനങ്ങൾ! 😐

Next Story

RELATED STORIES

Share it