Kerala

എഐ കാമറ: സര്‍ക്കാര്‍ വക പകല്‍ക്കൊള്ള: ജോണ്‍സണ്‍ കണ്ടച്ചിറ

പ്രമുഖര്‍ക്ക് നിയമലംഘനത്തിന് ഇളവ് നല്‍കി സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്.

എഐ കാമറ: സര്‍ക്കാര്‍ വക പകല്‍ക്കൊള്ള: ജോണ്‍സണ്‍ കണ്ടച്ചിറ
X



തിരുവനന്തപുരം: എഐ കാമറകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. നിയമലംഘനങ്ങള്‍ക്ക് ശിക്ഷ നല്‍കുന്നതിന് ആരും എതിരല്ല. എന്നാല്‍ ഏതൊക്കെയാണ് നിയമലംഘനങ്ങള്‍ എന്നു പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടതുണ്ട്. ദീര്‍ഘദൂര യാത്ര ചെയ്യുന്നയാള്‍ക്ക് ദേശീയ പാത, സംസ്ഥാന പാത ഉള്‍പ്പെടെയുള്ള പാതകളിലെ വേഗ നിയന്ത്രണത്തെക്കുറിച്ച് കൃത്യമായ ദിശാബോര്‍ഡുകള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും നിലവിലില്ല. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നു പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും കാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങളെയും ബാധിക്കുന്ന വ്യവസ്ഥയാണിത്. രോഗിയായ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ മാതാപിതാക്കള്‍ ഇനി മുതല്‍ ഇരു ചക്രവാഹനത്തെ ആശ്രയിക്കാന്‍ കഴിയില്ലെന്നത് ഗുരുതരമാണ്.


മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാന പദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങള്‍ ഒഴിവാക്കുമെന്നാണ് വിശദീകരണം. പ്രമുഖര്‍ക്ക് നിയമലംഘനത്തിന് ഇളവ് നല്‍കി സാധാരണക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. അമിത ധൂര്‍ത്തിലൂടെ കാലിയായ ഖജനാവ് നിറയ്ക്കാനുള്ള കുറുക്കുവഴിയാണോ ഈ സംവിധാനമെന്ന ആശങ്ക പൊതുസമൂഹത്തിനുണ്ട്. അമിത നികുതി ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ജനങ്ങളുടെ നടുവൊടിക്കുന്ന ഇടതു സര്‍ക്കാരിന്റെ മറ്റൊരു ജന ദ്രോഹ നടപടിയായേ ഇതിനെ കാണാനാകൂ. സര്‍വ മേഖലയിലും സാധാരണക്കാരനെ കൊള്ളയടിക്കാനുള്ള സര്‍ക്കാരിന്റെ അമിതാവേശത്തിനെതിരേ പൊതു സമൂഹം തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാവുമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ മുന്നറിയിപ്പു നല്‍കി.





Next Story

RELATED STORIES

Share it