Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലിസ്. ബുധാഴ്ച ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര ജയിലിനു മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസില്‍ രാഹുല്‍ രണ്ടാം പ്രതിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം സജീറാണ് ഒന്നാം പ്രതി.

ഗതാഗതം തടസ്സപ്പെടുത്തി പൊതുജന സമാധാനം തകര്‍ത്തു, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, പോലിസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച് ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിനെ പുഷ്പവൃഷ്ടിയും വെടിക്കെട്ടും ഉള്‍പ്പെടെ നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പോലിസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലില്‍വെച്ച് കന്റോണ്‍മെന്റ് പോലിസ് രണ്ടുകേസുകളിലും മ്യൂസിയം പോലിസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.








Next Story

RELATED STORIES

Share it