Kerala

നിയമസഭാ കൈയാങ്കളി കേസ്; തടസ്സഹരജികളില്‍ ഇന്ന് വിധി

നിയമസഭാ കൈയാങ്കളി കേസ്; തടസ്സഹരജികളില്‍ ഇന്ന് വിധി
X

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കുന്നതിനെതിരേ നല്‍കിയ തടസ്സഹരജികളില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ വിടുതല്‍ ഹരജികളെ എതിര്‍ത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് തടസ്സഹരജിയുമായി കോടതിയെ സമീപിച്ചിരുന്നത്.

കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാല്‍ പ്രോസിക്യൂഷന്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ നേരത്തെ കേസ് പരിഗണിക്കവെ കോടതിയില്‍ വാദിച്ചത്. അതിനാല്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തടസ്സഹരജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിന്‍വലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം.

മുന്‍ വിധിയോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണ് പ്രോസിക്യൂഷനെ വിമര്‍ശിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭയ്ക്കുള്ളില്‍ നടന്ന കൈയാങ്കളിയില്‍ പൊതുമുതല്‍ നശിപ്പിച്ചതാണ് ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ്. കേസ് പിന്‍വലിക്കാനായി ഹരജിയുമായി പോയ കേരള സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ സുപ്രിംകോടതി, പ്രതികള്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.

Next Story

RELATED STORIES

Share it