Kerala

എസ് ഡിപിഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പോലിസ് കേസെടുത്തു

ഞായറാഴ്ച രാത്രി കൈമലശ്ശേരി ബദര്‍ മസ്ജിദില്‍നിന്ന് മഗ്രിബ് നമസ്‌കാരം കഴിഞ്ഞു ഇറങ്ങിവരികയായിരുന്ന അയാസിനെ കാറില്‍ വന്ന മയക്കുമരുന്ന് സംഘമാണ് ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചത്.

എസ് ഡിപിഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പോലിസ് കേസെടുത്തു
X

മലപ്പുറം: എസ് ഡിപിഐ തൃപ്രങ്ങോട് പഞ്ചായത്ത് സെക്രട്ടറി അയാസ് അഫ്‌സര്‍ കൈമലശ്ശേരിക്ക് നേരേ മയക്കുമരുന്ന് സംഘത്തിന്റെ കൊലപാതക ശ്രമം. ഞായറാഴ്ച രാത്രി കൈമലശ്ശേരി ബദര്‍ മസ്ജിദില്‍നിന്ന് മഗ് രിബ് നമസ്‌കാരം കഴിഞ്ഞു ഇറങ്ങിവരികയായിരുന്ന അയാസിനെ കാറില്‍ വന്ന മയക്കുമരുന്ന് സംഘമാണ് ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അയാസ് തിരൂര്‍ പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലിസ് കാര്‍ കസ്റ്റഡിയിലെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന് പിന്നില്‍ മായിന്‍കാനകത്ത് ഗഫൂര്‍, രതീഷ് എന്ന കുട്ടന്‍ എന്നിവരാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ ആദ്യമിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. എന്നാല്‍, വീണ്ടും വധിക്കണമെന്ന ഉദ്ദേശത്തോടെ ഇടിപ്പിക്കാന്‍ വന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരേയും മണി ചെയിന്‍ തട്ടിപ്പിനെതിരേയും താന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചതിന്റെ പേരില്‍ ഇവര്‍ക്ക് തന്നോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ആക്രമണം നടത്തിയതിലൊരാളായ ഗഫൂര്‍ നിന്നെ ശരിയാക്കിത്തരാമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും പോലിസിന് നല്‍കിയ പരാതിയില്‍ അയാസ് പറയുന്നു. കഞ്ചാവ് മയക്കുമരുന്ന് സംഘത്തിനെതിരായ എസ് ഡിപിഐ നിലപാടില്‍ വിരളി പൂണ്ട കൈമലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മയക്ക് മരുന്ന് സംഘമാണ് അപകടപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് എസ് ഡിപിഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it