Kerala

വഞ്ചിയൂർ സബ്ട്രഷറി തട്ടിപ്പ്: ബിജുലാൽ അറസ്റ്റിൽ

മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

വഞ്ചിയൂർ സബ്ട്രഷറി തട്ടിപ്പ്: ബിജുലാൽ അറസ്റ്റിൽ
X

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിലെ പണം തട്ടിപ്പ് കേസിൽ പ്രതിയായ ജീവനക്കാരൻ ബിജുലാല്‍ തിരുവനന്തപുരത്ത് പിടിയില്‍. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അഭിഭാഷകന്‍റെ ഓഫിസില്‍ നിന്നാണ് ഇയാള പിടികൂടിയത്. ബിജുലാൽ തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് കടന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക പോലിസ് സംഘത്തിനാണ് അന്വേഷണ ചുമതല. അതേസമയം ബിജുലാലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിശദീകരണം തേടിയിരുന്നു.

ജില്ലാ കലക്ടറുടെ പേരിലുള്ള ട്രഷറി അക്കൌണ്ടിൽ നിന്നും നിന്നും രണ്ട് കോടി രൂപ അനധികൃതമായി പിൻവലിച്ച് തന്റെയും ഭാര്യയുടെയും അക്കൌണ്ടുകളിലേയ്ക്ക് മാറ്റിയ വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് ബിജുലാൽ എം ആറിനെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ബിജുലാലിലിന്റെയും ഭാര്യയുടെയും ട്രഷറി സേവിങ്സ് ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തുക കൈമാറിയ എല്ലാ അക്കൗണ്ടുകളുടെയും ഇടപാടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ ക്രമക്കേടിൽ ട്രഷറിയിൽ നിന്നും ആകെ നഷ്ട്ടപെട്ടത് 61.23 ലക്ഷം രൂപയാണ്. ബാക്കി തുക പ്രസ്തുത ജീവനക്കാരന്റെ ട്രഷറി അക്കൗണ്ടിൽ ശേഷിക്കുന്നുണ്ട്

ജില്ലാ കളക്ടറുടെ പേരിലുള്ള STSB അകൗണ്ട് നമ്പർ 7010314000000005 ൽ നിന്നും അനധികൃത ഇടപാടുകൾ നടന്നതായി വഞ്ചിയൂർ സബ് ട്രഷറി ഓഫീസറുടെ ശ്രദ്ധയിൽപ്പെടുകയും അത് ജില്ലാ ട്രഷറി ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ട്രഷറി ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിലും ബാങ്കുകളുമായി ബന്ധപെട്ടു നടത്തിയ വിശകലനത്തിലും ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതിനെത്തുടർന്നാണ് ട്രഷറി ഡയറക്ടർക്ക് വിവരം റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ മെയ് മാസം ഈ ഓഫീസിൽ നിന്ന് വിരമിച്ച വി ഭാസ്കർ എന്ന സബ് ട്രഷറി ഓഫീസറുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഈ ക്രമക്കേട് നടത്തിയത്. മെയ് മാസത്തിൽ സർവീസിൽ നിന്ന് പിരിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യാത്തതിന്റെ കാരണവും പരിശോധിക്കും. വിരമിച്ചവരുടെ യൂസർ നെയിമും പാസ് വേഡും യഥാസമയം ഡീ ആക്ടിവേറ്റ് ചെയ്യാത്ത സമാന സംഭവങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും.

തിരുവനന്തപുരത്തെ അഭിഭാഷകന്‍റെ ഓഫീസില്‍ നിന്നാണ് ബിജുലാല്‍ പിടിയിലായത്. ബിജുലാലിന്‍റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം ഇന്നലെ പോലിസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്‍റെ എഫ്ഐആർ. തട്ടിപ്പിന്‍റെ വ്യാപ്‍തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പോലിസിന്‍റെ വിലയിരുത്തൽ. കമ്പ്യൂട്ടർ വിദ‌ഗ്‍ധന്‍ കൂടിയായ ബിജുലാൽ സോഫ്റ്റ്‍വെയര്‍ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈൻ ചീട്ടു കളിക്ക് ലഭിച്ച പണത്തിന് 14,000 രൂപ കഴി‌ഞ്ഞ സാമ്പത്തിക വർഷം ബിജുലാൽ നികുതി അടച്ചിട്ടുണ്ട്.

പണം തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ബിജുലാല്‍ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംശയത്തിന്‍റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ ജാമ്യ അപേക്ഷയിൽ പറയുന്നുണ്ട്. ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

Next Story

RELATED STORIES

Share it