Kerala

അതിര്‍ത്തി റോഡുകള്‍ തല്‍ക്കാലം തുറക്കില്ല; തലപ്പാടി അതിര്‍ത്തി വഴി മാത്രമേ കാസര്‍ഗോഡ് ജില്ലയിലേക്ക് യാത്രാനുമതിയുള്ളൂ

എല്ലാ റോഡുകളിലും ചെക്പോസ്റ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ പോലിസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാരില്‍നിന്നുള്ള തീരുമാനത്തിനു വിധേയമായി മാത്രം തുടര്‍നടപടി സ്വീകരിക്കും.

അതിര്‍ത്തി റോഡുകള്‍ തല്‍ക്കാലം തുറക്കില്ല; തലപ്പാടി അതിര്‍ത്തി വഴി മാത്രമേ കാസര്‍ഗോഡ് ജില്ലയിലേക്ക് യാത്രാനുമതിയുള്ളൂ
X

കാസര്‍ഗോഡ്: എന്‍മകജെ ഗ്രാമപ്പഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനുള്ള ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷയും വൊര്‍ക്കാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ അതിര്‍ത്തി റോഡുകള്‍ തുറക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയും നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനപ്രകാരം തലപ്പാടി അതിര്‍ത്തി വഴി മാത്രമേ ജില്ലയിലേയ്ക്ക് യാത്രാനുമതിയുള്ളൂ.

എല്ലാ റോഡുകളിലും ചെക്പോസ്റ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ പോലിസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാരില്‍നിന്നുള്ള തീരുമാനത്തിനു വിധേയമായി മാത്രം തുടര്‍നടപടി സ്വീകരിക്കും. കലക്ടറേറ്റില്‍ നടന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ജില്ലയിലേയ്ക്കുള്ള യാത്രക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പാടാക്കും. സ്വന്തം വാഹനത്തിലോ ടാക്സിയിലോ യാത്രചെയ്യാന്‍ സാഹചര്യമില്ലാത്ത, സര്‍ക്കാര്‍ സംവിധാനത്തില്‍ വരാന്‍ താല്‍പര്യമുള്ളവരെ മാത്രം ഈ വാഹനത്തില്‍ കൊണ്ടുവരും. എയര്‍പോര്‍ട്ടിലുള്ള ലെയ്സണ്‍ ഓഫിസര്‍മാര്‍ ഈ വാഹനത്തില്‍ വരുന്നവരുടെ വിവരങ്ങള്‍ പ്രൊഫോമയില്‍ തയ്യാറാക്കി ബന്ധപ്പെട്ട ഓഫിസര്‍മാര്‍ക്ക് വാട്സ് ആപ് വഴി അയക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജാഗ്രത ഫലിക്കുന്നു; കാസര്‍ഗോഡ് സേഫ് സോണിലേക്ക്

കൊവിഡ് വ്യാപനത്തിനെതിരേ ജില്ലയില്‍ തുടരുന്ന ജാഗ്രത ഫലപ്രദമാവുന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്ത ജില്ലയെന്ന ദുഷ്‌പേരില്‍നിന്നും ജില്ല വഴിമാറി സുരക്ഷിതസോണിലേക്ക് മുന്നേറുന്നു. നിലവില്‍ ഏറ്റവും പാലക്കാടാണ് കൂടുതല്‍ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തത്. ഒരുസമയത്ത് രാജ്യത്തെ മൊത്തം കേസുകളുടെ പത്തുശതമാനവും ജില്ലയിലായിരുന്നെങ്കില്‍ നിലവിലിത് ആയിരത്തിലൊന്ന് മാത്രമാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ ഏഴാംസ്ഥാനത്താണ്. കൂടാതെ കഴിഞ്ഞ എട്ടുദിവസമായി സമ്പര്‍ക്കത്തിലൂടെ ഒരുകേസ് പോലും റിപോര്‍ട്ട് ചെയ്യാത്ത രണ്ടുജില്ലകളിലൊന്നാണ് കാസര്‍ഗോഡ്. സംസ്ഥാനത്ത് 200 കേസുകള്‍ കടന്ന എല്ലാ ജില്ലകളിലും കൊവിഡ് മരണമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ഒരുമരണവും കാസര്‍ഗോഡ് നടന്നിട്ടില്ല. 70 ശതമാനത്തോളം രോഗമുക്തിയുള്ള ജില്ലയില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it