Kerala

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം രംഗത്ത്; സന്യാസിനി സഭാ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി

ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേന്റെ ആലുവ അശോകപുരത്തുള്ള കാര്യാലയത്തിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം രംഗത്ത്; സന്യാസിനി സഭാ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി
X

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതടക്കം ചൂണ്ടിക്കാട്ടി സിസ്റ്റര്‍ ലൂസിക്കെതിരേ നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍നിന്നും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേന്‍ സന്യാസിനി സഭ പിന്‍മാറണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്കാ സഭ നവീകരണപ്രസ്ഥാനം രംഗത്ത്. ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഷേന്റെ ആലുവ അശോകപുരത്തുള്ള കാര്യാലയത്തിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സിസ്റ്റര്‍ ലൂസിക്കെതിരേ ലേഖന പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭയുടെ മുഖപത്രം കാര്യാലയത്തിനു മുന്നില്‍വച്ച് പ്രതിഷേധക്കാര്‍ കത്തിച്ചു. ലേഖനത്തിലൂടെ സിസ്റ്റര്‍ ലൂസിയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. കത്തോലിക്ക സഭ നവീകരണപ്രസ്ഥാനം നേതാക്കളായ ജോസഫ് വെളിവില്‍, അഡ്വ.ഇന്ദുലേഖ ജോസഫ്, അഡ്വ.പോളച്ചന്‍ പുതുപ്പാറ, പ്രഫ.ജോസഫ് വര്‍ഗീസ്, ജോസഫ് പനമൂടന്‍ അടക്കമുള്ളവര്‍ സംസാരിച്ചു.

എല്ലാ ക്രിസ്ത്യന്‍ സഭകളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ തടയാനുള്ള ഏക മാര്‍ഗം ചര്‍ച്ച് ആക്ട് നടപ്പാക്കുകയെന്നതാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കന്യാസ്ത്രീകളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. ലൂസിയെ പുറത്താക്കിയാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുര അംഗമായ ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോഗ്രിഷേഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ ആന്‍ ജോസഫാണ് സിസ്റ്റര്‍ ലൂസിക്ക് വിശദീകരണം ആവശ്യപ്പെട്ട് നേരത്തെ കത്തയച്ചിരുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സിസ്റ്റര്‍ ലൂസി ഹാജരായില്ല. ഇതേ തുടര്‍ന്ന് ലൂസിക്കെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചും പുറത്താക്കുമെന്ന സുചന നല്‍കിയും കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇതും സിസ്റ്റര്‍ ലൂസി തള്ളിയിരുന്നു.






Next Story

RELATED STORIES

Share it