Kerala

ട്രൈബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കണം; ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി

ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നല്‍കിയത്. അതേസമയം, ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

ട്രൈബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കണം; ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി
X

തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നല്‍കിയത്. അതേസമയം, ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം. സംസ്ഥാനസര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്റ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്. പോലിസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു.

തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്ന ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു വിധി. രണ്ടുവര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ജേക്കബ് തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

Next Story

RELATED STORIES

Share it