Kerala

കലക്ടറുടെ നിര്‍ദ്ദേശം അരീക്കോട് പഞ്ചായത്ത് അവഗണിച്ചു; കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് ചാലിയാറിലേക്ക്

ചാലിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ 2018 മാര്‍ച്ചില്‍ കലക്ടര്‍ നല്‍കിയ ഉത്തരവ് അരീക്കോട് പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതാണ് മാലിന്യം തള്ളുന്നത് തുടരാന്‍ ഇടയാക്കിയത്.

കലക്ടറുടെ നിര്‍ദ്ദേശം അരീക്കോട് പഞ്ചായത്ത് അവഗണിച്ചു; കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് ചാലിയാറിലേക്ക്
X

അരീക്കോട്: ചാലിയാറിലേക്ക് മാലിന്യം തള്ളരുതെന്ന കലക്ടറുടെ ഉത്തരവ് ലംഘിച്ച് കക്കൂസ് മാലിന്യം ഉള്‍പ്പടെ ചാലിയാറിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. പ്രദേശത്തെ സൗഹൃദം ക്ലബ്ബ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് അരീക്കോട് ടൗണിലെയും പരിസരങ്ങളിലെയും കെട്ടിടങ്ങളില്‍ നിന്ന് കക്കൂസ് മാലിന്യം ചാലിയാറിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്.


ചാലിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ 2018 മാര്‍ച്ചില്‍ കലക്ടര്‍ നല്‍കിയ ഉത്തരവ് അരീക്കോട് പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതാണ് മാലിന്യം തള്ളുന്നത് തുടരാന്‍ ഇടയാക്കിയത്.

അരീക്കോടിലെ മുഴുവന്‍ കടകള്‍ ഉള്‍പ്പെടെയുള്ളവയുടെ അഴുക്കുചാലുകള്‍ പ്രവര്‍ത്തകര്‍ തുറന്നു പരിശോധിച്ചു. കടകള്‍ക്കൊന്നിനും മാലിന്യ ജലം സംസ്‌ക്കരിക്കാന്‍ സൗകര്യമില്ല. ട്രെയ്‌നേജിലേക്ക് രഹസ്യമായി പൈപ്പ് വെച്ച് ഒഴുക്കിക്കളയുകയാണ് ചെയ്ത് കൊണ്ടിരുന്നത് ഇത് അടച്ച് കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് അരീക്കോട് പഞ്ചായത്ത് പൂഴ്ത്തിയത്.

2018ല്‍ ചാലിയാര്‍ മലിനമാകുന്നത് സംബന്ധിച്ച് തേജസ് പത്ര പരമ്പര ചെയ്തതിനെ തുടര്‍ന്നാണ് കലക്ടര്‍ അടിയന്തിര മീറ്റിംഗ് വിളിച്ചു പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയത്.

2018 ഏപ്രില്‍ 1ന് നോട്ടിസ് നല്‍കി പത്ത് ദിവസത്തിനകം അടക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയതാണ് അവഗണിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 12-3-2020ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിരക്കിട്ട് നോട്ടിസ് നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. കെട്ടിട ഉടമകളും അരിക്കോട് പഞ്ചായത്ത് അധികൃതരും തമ്മിലുള്ള രഹസ്യധാരണ മൂലമാണ് ഇതിനെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് വിവരം. ഹോട്ടലുകള്‍ കൂള്‍ബാറുകള്‍ ലോഡ്ജുകള്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള കക്കൂസ് മാലിന്യം ഉള്‍പ്പെടെ ട്രെയിനേജിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. നിരവധി ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്ന അരീക്കോട് ചോലകുണ്ടന്‍ ബില്‍ഡിങ്ങിനു മുമ്പിലെ അഴുക്കുചാല്‍ മൂടിയ സ്ലാബ് ക്ലബ് പ്രവര്‍ത്തകര്‍ മാറ്റിയപ്പോള്‍ മാലിന്യം ട്രെയിനേജിലേക്ക് ഒഴുക്കുന്നതാണ് കണ്ടെത്തിയത്.

ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ചാലിയാര്‍ പുഴയിലേക്കാണ് എത്തുന്നത്. വേനലില്‍ പുഴ മലിനമാകുന്നത് ഇത്തരത്തില്‍ മാലിന്യം തള്ളുന്നതുകൊണ്ടാണ്. മഞ്ചേരി മുന്‍സിപ്പാലിറ്റി, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ്, ചീക്കോട്കുടിവെള്ളപദ്ധതി, കിന്‍ഫ്ര, എയര്‍പോര്‍ട്ട്, അരീക്കോട് കിഴുപറമ്പ ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളപദ്ധതികളടക്കം ചാലിയാറില്‍ നിന്നാണ് ആശ്രയിക്കുന്നത്. കുടിവെള്ളത്തെ മലിനമാക്കുന്ന കെട്ടിട ഉടമകളുടെ ധിക്കാരത്തിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമായിരിക്കയാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും കെട്ടിട ഉടമകളും തമ്മിലുള്ള രഹസ്യ ഇടപ്പാടാണ് ഇതിന് പിന്നിലെന്ന് അരീക്കോട് മേഖല ജലസുരക്ഷ സമിതി ഭാരവാഹികൾ ആരോപിച്ചു.

Next Story

RELATED STORIES

Share it