Kerala

കൊറോണക്കാലത്ത് വീടുകള്‍ സമരയിടങ്ങളാക്കി ചെല്ലാനം ജനകീയവേദി

നമ്മള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്ന് അധികാരികള്‍ക്കറിയാം എന്നിട്ടും അവര്‍ തിരിഞ്ഞുനോക്കുന്നില്ല.

കൊറോണക്കാലത്ത് വീടുകള്‍ സമരയിടങ്ങളാക്കി ചെല്ലാനം ജനകീയവേദി
X

കൊച്ചി: കൊറോണ കാലത്തും അതിജീവന പോരാട്ടം തുടരുന്ന ഒരു ജനത ഈ കേരളത്തിലുണ്ട്. എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചെല്ലാനം എന്ന തീരഗ്രാമനിവാസികളാണ് വീട് സമരകേന്ദ്രങ്ങളാക്കി പോരാട്ടം തുടരുന്നത്. കൊറോണ ഭീതി പോലെയാണ് തങ്ങള്‍ക്ക് കടല്‍കയറ്റ ഭീഷണിയെന്ന പ്രഖ്യാപനം കൂടിയാണ് 160 ദിവസമായി തുടരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം.


കടല്‍കയറ്റത്തെ പ്രതിരോധിക്കാന്‍ നടപടിയെടുക്കുമെന്ന അധികാരികളുടെ വാഗ്ദാനം തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ നിഗമനപ്രകാരം ജൂണ്‍ 5 മുതല്‍ അതിശക്തമായ കടലാക്രമണം ഉണ്ടാകുമെന്നാണ്. അങ്ങിനെയെങ്കില്‍ വലിയൊരു ദുരന്തമായിരിക്കും നമ്മളനുഭവിക്കേണ്ടിവരികയെന്ന് ജനകീയവേദി കണ്‍വീനര്‍ ബാബു പറയുന്നു. നമ്മള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണെന്ന് അധികാരികള്‍ക്കറിയാം എന്നിട്ടും അവര്‍ തിരിഞ്ഞുനോക്കുന്നില്ല. ഇതാണ് കേരളം തങ്ങളുടെ ജനകീയ സേനയോട് ചെയ്യുന്നതെന്നും ബാബു പറഞ്ഞു.


തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം നിര്‍ത്തില്ല എന്ന തീരുമാനത്തിലാണിവര്‍. കൊറോണ ഭീതിയില്‍ സമരപന്തല്‍ ഒഴിയേണ്ടിവന്നെങ്കിലും ഇവര്‍ വീടുകള്‍ സമര കേന്ദ്രങ്ങളാക്കി ഉപവാസ സമരം തുടരുകയാണ്. പോരാട്ടത്തിന്റെ ഭാഗമായി ഇന്ന് (ഏപ്രില്‍ 4) ചെല്ലാനത്തിനായി ഒരു ദിനം ആചരിക്കാനാണ് സമരസമിതി തീരുമാനം. അതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സമരത്തെ പിന്തുണച്ച് നിരവധിപേര്‍ ഇന്ന് കേരളത്തിലുടനീളം നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.


പടിഞ്ഞാറ് അറബിക്കടലും, കിഴക്കു വേമ്പനാട്ടു കായലും അതിരിടുന്ന തീരഗ്രാമമാണ് ചെല്ലാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവിടെ കടല്‍കയറ്റം ആവര്‍ത്തിക്കുകയാണ്. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി പലയിടങ്ങളിലും പൂര്‍ണ്ണമായും തകര്‍ന്നു പോയി. ഏകദേശം 1100 മീറ്ററിലധികം നീളത്തില്‍ നിലവില്‍ കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. കൃത്യസമയത്ത് കടല്‍ഭിത്തിയും പുലിമുട്ടുകളും അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് തകര്‍ച്ചക്ക് കാരണം.

ചെല്ലാനത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഹാര്‍ബര്‍ നിര്‍മ്മിക്കുക എന്നത്. എന്നാല്‍ ആ ആവശ്യം നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ എന്തൊക്കെയാണെന്നു പഠിക്കാനും അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയാറായില്ല. ഹാര്‍ബര്‍ നിര്‍മിച്ചാല്‍ അതിന്റെ വടക്കോട്ടുള്ള ഭാഗങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാകുമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് അവഗണിച്ചു. ഹാര്‍ബര്‍ നിര്‍മ്മാണത്തിന് ശേഷമാണ് കടല്‍കയറ്റം ശക്തമായതും കൂടുതല്‍ ഇടങ്ങളില്‍ കടല്‍ഭിത്തിയുടെ തകര്‍ച്ച രൂക്ഷമായതും. കടല്‍ഭിത്തി വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് 2017ല്‍ ഓഖി കൊടുങ്കാറ്റ് ചെല്ലാനത്തെ തീരത്ത് ദുരന്തം വിതച്ചത്. അന്ന് 2 മനുഷ്യജീവനുകള്‍ നഷ്ടമാവുകയും നൂറുകണക്കിന് വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.


2017 ല്‍ ഓഖി ദുരന്തത്തിന് ശേഷം കടല്‍ഭിത്തി തകര്‍ന്നയിടങ്ങളില്‍ ജിയോ സിന്തറ്റിക്ക് ട്യൂബ് കൊണ്ടുള്ള കടല്‍ഭിത്തിയും രണ്ടിടങ്ങളില്‍ പുലിമുട്ടും നിര്‍മ്മിച്ച് തീരം സംരക്ഷിക്കാമെന്നു സര്‍ക്കാര്‍ ചെല്ലാനത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും നാളിതു വരെ അത് നടപ്പാക്കിയിട്ടില്ല. മൂന്ന് തവണ ഉദ്ഘാടനങ്ങള്‍ നടത്തിയെന്നുമാത്രം. സര്‍ക്കാരിന്റെ ഈ അവഗണനക്കും അനാസ്ഥക്കുമെതിരെ ജനങ്ങള്‍ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ 160 ദിവസമായി അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തിവരികയാണ്.

കൊറോണാ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയെമ്പാടും ലോക്ക്ഡൗണ്‍ ആയിരിക്കുമ്പോള്‍ അതിനോട് സഹകരിച്ചും മാനിച്ചും ചെല്ലാനത്തെ ജനത അവരുടെ അതിജീവന സമരം തുടരുകയാണ്. ഒരു നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ഈ സമരം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ 'തീരശോഷണം' സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നിട്ടും കാര്യക്ഷമമായ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നത് തീര്‍ത്തും കുറ്റകരമാണ്. കൊറോണ ഭീഷണി അതിജീവിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ വരും നാളുകളില്‍ കടുത്ത ദുരന്തത്തെ നേരിടേണ്ടി വരും എന്ന ഭീതിയിലാണ് നാട്ടുകാര്‍.

Next Story

RELATED STORIES

Share it