Kerala

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
X

തൃശൂര്‍: ശിലാകാലം മുതല്‍ മനുഷ്യാധിവാസത്തിന്റെ തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുള്ള, നാടിന്റെ ചരിത്രസംസ്‌കാര സൂക്ഷിപ്പുകളിലൊന്നായ ചേറ്റുവ കോട്ട എന്ന വില്യം ഫോര്‍ട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തില്‍ അടയാളമാക്കി നിലനിര്‍ത്തുമെന്ന് സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ചേറ്റുവ കോട്ടയുടെ ശാസ്ത്രീയ സംരക്ഷണ പ്രവര്‍ത്തികളുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ചരിത്രം പുതുതലമുറയ്ക്ക് വെളിച്ചം വീശുന്നതിനായി സൂക്ഷിക്കണമെന്നും ചരിത്രത്തിലെ സൂക്ഷിപ്പുകാര്‍ ജനങ്ങളാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചേറ്റുവ കോട്ടയുടെ സമര്‍പ്പണവും ശിലാസ്ഥാപന അനാഛാദനവും നിര്‍വഹിച്ചു.

കൊളോണിയല്‍ അധിനിവേശകാലത്ത് വാണിജ്യ കേന്ദ്രമായിരുന്ന ചേറ്റുവ പ്രദേശത്ത് സാമൂതിരിയുടെ കടന്നുകയറ്റം തടയുന്നതിനും കച്ചവടം സുരക്ഷിതമാക്കുന്നതിനുമായി ഡച്ചുകാരാണ് 1717ല്‍ ചേറ്റുവ കോട്ട പണിതത്. 5.46 ഏക്കര്‍ സ്ഥലത്താണ് ഇന്ന് ചേറ്റുവ കോട്ടയുടെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നത്. കാലപ്പഴക്കവും പ്രളയവും കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങുകള്‍ തകരാറിലാക്കി. സംസ്ഥാന പുരാവസ്തു വകുപ്പ് 2009ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച കോട്ടയില്‍ വിവിധ പഠനങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ഒരു കോടി 15 ലക്ഷം രൂപയാണ് സംരക്ഷണ പ്രവൃത്തികള്‍ക്കായി വകയിരുത്തിയത്. ഒന്നാം ഘട്ടത്തില്‍ 78 ലക്ഷം ചിലവിട്ട് ചുറ്റുമതില്‍, കുളം നവീകരണം ഇലക്ട്രിഫിക്കേഷന്‍, പാലം എന്നിവയുടെ പണികള്‍ പൂര്‍ത്തിയാക്കി.

ചേറ്റുവ കോട്ടയ്ക്കു സമീപം വെച്ച് നടന്ന ചടങ്ങില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍, കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ് ഭൂപേഷ്, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല സോമന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം നിമിഷ അജീഷ്, മറ്റ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it