Kerala

സിയാല്‍ ജലവൈദ്യുതി ഉല്‍പാദനരംഗത്തേയ്ക്ക് ;ആദ്യ പവര്‍ഹൗസ് ഉദ്ഘാടനം നവംമ്പര്‍ ആറിന്

കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.

സിയാല്‍ ജലവൈദ്യുതി ഉല്‍പാദനരംഗത്തേയ്ക്ക് ;ആദ്യ പവര്‍ഹൗസ് ഉദ്ഘാടനം നവംമ്പര്‍ ആറിന്
X

കൊച്ചി: സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ജലവൈദ്യുതോല്‍പ്പാദന രംഗത്തേയ്ക്ക്. സിയാല്‍ നിര്‍മാണം പൂര്‍ത്തിയായ ആദ്യജലവൈദ്യുത പദ്ധതി നവംമ്പര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന് സമര്‍പ്പിക്കും.കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.


കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.കൊവിഡിനെ തുടര്‍ന്നുണ്ടായ കാലതാമസവുമുണ്ടായെങ്കിലും സിയാലിന് അതിവേഗം പദ്ധതി പൂര്‍ത്തിയാക്കാനായി. 4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളില്‍ നിന്നായി 5 ഏക്കര്‍ സ്ഥലം സിയാല്‍ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ കെട്ടുകെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്ക് പെന്‍സ്‌റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവിട്ടത്.

2015ല്‍ വിമാനത്താവളം ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോല്‍പ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് രാജ്യം ചര്‍ച്ചചെയ്യുന്ന അവസരത്തില്‍, ഇത്തരമൊരു പദ്ധതി പൂര്‍ത്തിയാക്കാന്‍ സിയാല്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശങ്ങളും നിര്‍ണായകമായിരുന്നു.

44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തില്‍ ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാനും സിയാലിന് കഴിഞ്ഞിട്ടുണ്ടെന്നും എസ് സുഹാസ് പറഞ്ഞു. പുനരുപയോഗ സാധ്യതയില്ലാത്ത ഊര്‍ജ സ്രോതസ്സുകളിന്‍മേലുള്ള ആശ്രയം കുറയ്ക്കാന്‍ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാകും. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനും അത് ആവശ്യാനുസരണം കൈകാര്യം ചെയ്യാനുമുള്ള സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നമുക്ക് കഴിയും. സുസ്ഥിരവികസനത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണിതെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജോത്പാദന നയം നടപ്പിലാക്കുന്നതില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്റെ അനുഭവ പരിചയവും ഏറെ പ്രയോജനം ചെയ്തിട്ടുണ്ടെന്നും എസ് സുഹാസ് വ്യക്തമാക്കി.

14 ദശലക്ഷം യൂനിറ്റ് വാര്‍ഷിക ഉത്പാദനം

സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റണ്‍ ഓഫ് ദ റിവര്‍ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികള്‍ക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിര്‍ത്തേണ്ടതില്ല. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂര്‍ണതോതില്‍ ഒഴുക്കുള്ള നിലയില്‍ പ്രതിദിനം 1.08 ലക്ഷം യൂനിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വര്‍ഷത്തില്‍ 130 ദിവസമെങ്കിലും ഇത്തരത്തില്‍ വൈദ്യുതി ഉല്‍പാദനം സാധ്യമാക്കാനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. ഉല്‍്പാദിപ്പിക്കുന്ന വൈദ്യുതി തല്‍സമയം കെഎസ്ഇബിയുടെ ഗ്രിഡിലേയ്ക്ക് നല്‍കും. പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യം തുടങ്ങി. നവംമ്പര്‍ ആദ്യവാരത്തോടെ വൈദ്യുതി, ഗ്രിഡിലേയ്ക്ക് നല്‍കാന്‍ കഴിയും.നവമ്പര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി, സിയാല്‍ ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാല്‍, കോഴിക്കോട് അരിപ്പാറ പവര്‍ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ വെര്‍ച്വല്‍ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it