Kerala

വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി

വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി
X

തിരുവനന്തപുരം: സഹായം അഭ്യര്‍ഥിച്ച് വിളിച്ച വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഫോണില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥിയോട് മുകേഷ് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നല്‍കിയത്.

മുകേഷിനെതിരേ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കേവലം പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ ഭീഷണിപ്പെടുത്തുന്ന എംഎല്‍എ ഇനി വിളിച്ചാല്‍ കരണക്കുറ്റി അടിച്ചുപൊട്ടിക്കുമെന്നും ചൂരല്‍കൊണ്ട് അടിക്കുമെന്നുമൊക്കെയാണ് പറയുന്നത്. ഒരു കുട്ടിയോട് കാട്ടേണ്ട സാമാന്യമായ മനുഷ്യത്വമോ കരുണയോ കാട്ടാതെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന മുകേഷിന് ഒരു സാധാരണ മനുഷ്യനുള്ള കരുണയും സ്‌നേഹവാസനയും മര്യാദയും പോലുമില്ല എന്നത് ഖേദകരമാണ്.

സഹായം അഭ്യര്‍ഥിച്ച് വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുകേഷിനെതിരേ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ശക്തമായ നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നും എംഎസ്എഫ് അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it