Kerala

ജെബി മേത്തറുടെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന് ആര്‍എസ്പി; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞ് എ എ അസീസ്

ജെബി മേത്തറുടെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന് ആര്‍എസ്പി; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞ് എ എ അസീസ്
X

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പെയ്‌മെന്റ് സീറ്റാണെന്ന ആരോപണവുമായി ആര്‍എസ്പി രംഗത്ത്. ജെബി മേത്തര്‍ പണം കൊടുത്ത് സീറ്റ് വാങ്ങിയതാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആരോപിച്ചു. ഇതിലൂടെ ചെറുപ്പക്കാരിയായ ഒരു പെണ്ണിനും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് കിട്ടിയെന്നും അസീസ് പരിഹസിച്ചു.

ആര്‍വൈഎഫിന്റെ സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് കോണ്‍ഗ്രസിനെതിരേ ഗുരുതരമായ ആക്ഷേപമുന്നയിച്ചത്. യുഡിഎഫിന്റെ ഘടകകക്ഷിയായ ആര്‍എസ്പിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെന്ന് പരസ്യമാക്കുന്നതായിരുന്നു അസീസിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം മലക്കം മറിഞ്ഞു. ജെബി മേത്തറുടേത് പെയ്‌മെന്റ് സീറ്റാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ ആരോപണമുന്നയിക്കുന്നുണ്ടെന്നും അസീസ് പ്രതികരിച്ചു.

അസീസിന്റെ പരാമര്‍ശം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വലിയ വിവാദങ്ങളൊന്നുമില്ലാതെ കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടന്നതിന് യുഡിഎഫ് ഘടകകക്ഷി നേതാവ് കടുത്ത ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് തന്റെ പേര് അംഗീകരിച്ചിരിക്കുന്നതെന്നും ഇത് സ്ത്രീകള്‍ക്കുള്ള അംഗീകാരമായാണ താന്‍ ഇത് കണക്കാക്കുന്നതെന്നും ജെബി മേത്തര്‍ പ്രതികരിച്ചു. അഭിപ്രായം പറയാനും വിമര്‍ശിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എ എ അസീസിന്റെ പരാമര്‍ശത്തിന് മറുപടിയായി അവര്‍ പറഞ്ഞു. എന്നാല്‍, ഇതേപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ ജെബി മേത്തര്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it