Kerala

ഓണക്കിറ്റിൽ പപ്പടത്തിന് പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കി; ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടിയോളം രൂപ

പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരുംകരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്.

ഓണക്കിറ്റിൽ പപ്പടത്തിന് പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കി; ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടിയോളം രൂപ
X

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ പപ്പടത്തിനു പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കിയതിലൂടെ ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടിയോളം രൂപ. 87 ലക്ഷം പായ്ക്കറ്റ് വേണ്ടിടത്തു വാങ്ങിക്കൂട്ടിയത് 91 ലക്ഷം.

തമിഴ്നാട്ടില്‍ അപ്പളത്തിന് പാക്കറ്റിന് 6.30 രൂപയാണ്. എന്നാല്‍ ഇവിടെ 9.62 രൂപയ്ക്കാണു വാങ്ങിക്കൂട്ടിത്. അതും ഗുണനിലവാരമില്ലാത്തത്. ഗുണനിലവാരം ഉറപ്പാക്കാന്‍ സപ്ലൈകോയില്‍ പ്രത്യേക സംവിധാനവും ഉദ്യോഗസ്ഥരുമുള്ളപ്പോഴാണിത്.

പപ്പടത്തിനു പകരം അപ്പളം വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്തതിനു പിന്നില്‍ ഉദ്യോഗസ്ഥരുംകരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തിയാല്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഇവിടെ അട്ടിമറിച്ചു. കിറ്റ് വിതരണം നാലു മാസത്തേക്കു കൂടി നീട്ടിയതോടെ കരാറുകാരെ നിയന്ത്രിച്ചില്ലെങ്കില്‍ കോടികളുടെ നഷ്ടമാകും ഖജനാവിനുണ്ടാകുക.

പതിനൊന്നിന ഓണക്കിറ്റിലേക്ക് 100 ഗ്രാം വീതമുള്ള 87 ലക്ഷം പായ്ക്കറ്റ് പപ്പടം വിതരണം ചെയ്യാന്‍ സപ്ലൈകോ ജൂലൈ 22-നാണ് ടെന്‍ഡര്‍ വിളിച്ചത്. ടെന്‍ഡറില്‍ ഒന്‍പതുപേര്‍ പങ്കെടുത്തു. ഇതില്‍ രണ്ടു കമ്പനികള്‍ക്ക് (ഹഫ്സര്‍ ട്രേഡിംഗ് കമ്പിനി, ഇസ്‌കോ കറി പൗഡര്‍ ആന്‍ഡ് ഫുഡ് ഇന്‍ഡസ്ട്രീസ്) 81,27,000, 5,04,000 പായ്ക്കറ്റ് വീതം വിതരണം ചെയ്യാന്‍ ഓഗസ്റ്റ് മുന്നിന് ഓര്‍ഡര്‍ നല്‍കി.

ഇസ്‌കോയ്ക്ക് മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളില്‍ 5,04,000 പായ്ക്കറ്റ് വിതരണം ചെയ്യാനാണ് അനുമതി നല്‍കിയത്. പായ്ക്കറ്റ് ഒന്നിന് 9.30 രൂപ. ഈ ഓര്‍ഡര്‍ നിലനില്‍ക്കെ ഹഫ്സര്‍ ട്രേഡിംഗ് കമ്പിനിക്ക് ഓഗസ്റ്റ് എട്ടിന് വീണ്ടും 5,02,720 പാക്കറ്റിന് ഓര്‍ഡര്‍ നല്‍കി. ഇതിനു നല്‍കിയതാകട്ടെ പായ്ക്കറ്റ് ഒന്നിന് 9.62 രൂപയും. ഈ ഇടപാടില്‍ മാത്രം സപ്ലൈകോയ്ക്ക് 1,48,966 രൂപയുടെ അധികച്ചെലവ്.

ടെന്‍ഡര്‍ വിളിച്ചത് 87,29,427 പായ്ക്കറ്റ് പപ്പടത്തിനായിരുന്നു. വീണ്ടും ഹഫ്സര്‍ ട്രേഡിംഗ് കമ്പനിക്കു അധിക ഓര്‍ഡര്‍ നല്‍കിയതുകൂടി കൂട്ടിയാല്‍ ആകെ വാങ്ങിയത് 91,33,720 പാക്കറ്റ്. ആവശ്യമുള്ളതിനെക്കാളും 4,04,293 പായ്ക്കറ്റ് കൂടുതല്‍ വാങ്ങിയത് അധികവിലയ്ക്കും. ഈ ഇനത്തില്‍ മാത്രം 48.36 ലക്ഷം രൂപയുടെ അധികച്ചെലവാണുണ്ടായത്. ഇസ്‌കോ ടെന്‍ഡറില്‍നിന്നു പിന്‍മാറിയതുമൂലമാണ് ഹഫ്സര്‍ ട്രേഡിംഗ് കമ്പനിയ്ക്കു അധിക ഓര്‍ഡര്‍ നല്‍കിയതെന്ന വാദമാണ് സപ്ലൈകോ നിരത്തുന്നതെങ്കില്‍ ഈ അധിക ചെലവ് കമ്പനിയില്‍ നിന്ന് ഈടാക്കേണ്ടതാണ്. കേരള പപ്പടം വിതരണം ചെയ്യാനാണു ടെന്‍ഡര്‍ കൊടുത്തതെങ്കിലും ഉഴുന്നു കുറവുള്ള, ഗുണനിലവാരം കുറഞ്ഞ അപ്പളമാണ് ഓണക്കിറ്റില്‍ പേരുമാറ്റി വിതരണം ചെയ്യുന്നത്.

Next Story

RELATED STORIES

Share it