Kerala

രണ്ട് പേര്‍ക്ക് ഉറവിടം അറിയാത്ത കൊവിഡ്; കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തില്‍

സംസ്ഥാന പാതയൊഴികെ എല്ലാ റോഡുകളും അടച്ചിട്ട് കര്‍ശന നിയന്ത്രണമാണ് നടപ്പിലാക്കിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ പോലിസ് നിയന്ത്രണത്തിലാണ് നടന്നത്.

രണ്ട് പേര്‍ക്ക് ഉറവിടം അറിയാത്ത കൊവിഡ്;  കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തില്‍
X

തൃശൂര്‍: ഉറവിടം അറിയാത്ത കൊവിഡ് ബാധ രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണാക്കിയ കുന്നംകുളം നഗരസഭയിലെ 8 വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണം. രോഗവ്യാപന സാധ്യത തടയുന്നതിനായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ചില സോണുകളില്‍ കൂട്ടം കൂടി നിന്നവരെ പോലിസ് പിരിച്ച് വിട്ടു. അവശ്യ സര്‍വീസുകള്‍ പോലിസ് നിയന്ത്രണത്തിലാണ് നടന്നത്.

സംസ്ഥാന പാതയൊഴികെ എല്ലാ റോഡുകളും അടച്ചിട്ട് കര്‍ശന നിയന്ത്രണമാണ് നടപ്പിലാക്കിയിട്ടുള്ളത്. എസിപി ടി എസ് സിനോജ്, സിഐ കെ ജി സുരേഷ്, എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തില്‍ എല്ലായിടത്തും കര്‍ശന പരിശോധന നടത്തി. കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നഗരത്തില്‍ പ്രവേശിച്ച ബസുള്‍പ്പെടെയുള്ള ഒട്ടേറെ വാഹനങ്ങള്‍ക്ക് പോലിസ് പിഴ ചുമത്തി വിട്ടു. നഗരത്തിലൂടെ സംസ്ഥാന സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായത്. ചരക്കു വാഹനങ്ങളെ പരിശോധിച്ചതിനു ശേഷമാണ് കടത്തിവിട്ടത്.

നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. കൊവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് ആരോഗ്യ വിഭാഗം നഗരസഭ ഓഫിസ് അണുവിമുക്തമാക്കി. നഗരസഭയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സുഭിക്ഷ കാന്റീന്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം തന്നെ അടച്ചിട്ടിരുന്നു. ഇത് തിങ്കളാഴ്ച വരെ തുറക്കില്ല. ഇന്ന് നടക്കേണ്ട നഗരസഭ കൗണ്‍സില്‍ യോഗവും നടത്തിയില്ല. ഇതോടെ രണ്ടാഴ്ചയ്ക്കിടെ മൂന്ന് കൗണ്‍സില്‍ യോഗങ്ങളാണ് മാറ്റിയത്.

Next Story

RELATED STORIES

Share it