Kerala

പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ സജ്ജീകരണങ്ങളായി

കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ജില്ലാ കലക്ടര്‍ വീഡിയോ കണ്‍ഫറന്‍സിലൂടെ കൈമാറി.

പ്രവാസികളെ സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ സജ്ജീകരണങ്ങളായി
X

കോഴിക്കോട്: പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ജില്ലയില്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ആവശ്യമെങ്കില്‍ അവരെ താമസിപ്പിക്കേണ്ട കൊവിഡ് കെയര്‍ സെന്ററുകള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവരെ ഇത്തരം കൊവിഡ് കെയര്‍ സെന്ററുകളിലേക്കാണ് മാറ്റുകയെന്ന് ജില്ലയിലെ എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ചയില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ജില്ലാ കലക്ടര്‍ വീഡിയോ കണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മറ്റ് സ്ഥലങ്ങളില്‍ നിന്ന് മാംസത്തിനായി കാലികളെ കൊണ്ടു വരുന്നതിനും മാംസാവശിഷ്ടങ്ങള്‍ (തുകല്‍ സംസ്‌കരിക്കാനും കൂടി) തിരിച്ചു കൊണ്ടു പോകുന്നതിനും തടസ്സങ്ങളുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു.

ദുരന്ത നിവാരണം, കുടിവെള്ള വിതരണം, വരള്‍ച്ചാ ദുരിതാശ്വാസം, അഴുക്കുചാല്‍ നിര്‍മ്മാണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

ഓടു വ്യവസായവുമായി ബന്ധപ്പെട്ട് ലൈസന്‍സുള്ളവര്‍ക്ക് കളിമണ്ണു ശേഖരിക്കല്‍ അനുവദനീയമാണ്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടി ഡിഎംഒ സ്വീകരിക്കും. കെ ദാസന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ആംബുലന്‍സ് വാങ്ങാനുള്ള ഭരണാനുമതി ഉടന്‍ നല്‍കും.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ല. വള്ളങ്ങള്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലോ ഹാര്‍ബറുകളിലോ അടുക്കാവുന്നതും സാമൂഹിക അകലം പാലിച്ച് മത്സ്യവില്‍പ്പന ആകാവുന്നതാണ്.

കൊപ്ര സംഭരണത്തിനും വ്യാപാരത്തിനും തടസ്സങ്ങളുണ്ടാവില്ല. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ആഴ്ചയില്‍ വ്യഴം, ശനി ദിവസങ്ങളില്‍ അനുവദിക്കും. താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാകളക്ടറും ജില്ലാമെഡിക്കല്‍ ഓഫീസറും ആശുപത്രി സന്ദര്‍ശിക്കും. അന്തര്‍ജില്ല/അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പാസ് അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന കോയാസ് ഹോസ്പിറ്റല്‍ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാന്‍ സജ്ജമാണെന്ന് വികെസി മമ്മദ്‌കോയ എംഎല്‍എ അറിയിച്ചു. ഭരണാനുമതിയായിട്ടുള്ള പ്രവൃത്തികള്‍ തുടരാന്‍ കഴിയണമെന്നു പിടിഎ റഹിം എംഎല്‍എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍ എ ആവശ്യപ്പെട്ടു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ തിരക്ക് ക്രമാതീതമാകുന്നതായും ഇത് നിയന്ത്രിക്കാനായി സിഎച്ച്‌സി, പിഎച്ച്‌സികളില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള സംവിധാനം വേണമെന്നും കെ.ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അനധികൃതമായി മഹാരാഷ്ട്രയില്‍ നിന്നും ലോറിയില്‍ മരത്തടിയുമായി 5 പേര്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വടകര ജില്ലാ ആശുപത്രിയില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് സി കെ നാണു എംഎല്‍എ ആവശ്യപ്പെട്ടു. താമരശ്ശേരി ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു കാരാട്ട് റസാക്ക് എം.എല്‍.എ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it