Kerala

കൊവിഡ് 19: ധനസഹായം നല്‍കില്ലെന്ന ഉത്തരവ് പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പുതിയ ഉത്തരവ് അനുസരിച്ച് ഒരുമാസത്തേക്ക് ക്വാറന്റൈന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ് എന്നിവയ്ക്കുള്ള ചെലവ് എന്നിവ മാത്രമേ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് എടുക്കാവൂ എന്നും പറയുന്നു.

കൊവിഡ് 19: ധനസഹായം നല്‍കില്ലെന്ന ഉത്തരവ് പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
X

തിരുവനന്തപുരം: കൊവിഡ് 19 ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടും ദുരിതാശ്വാസനിധിയില്‍നിന്ന് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കോ രോഗബാധിതരായവരുടെ ചികില്‍സയ്‌ക്കോ പണം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

കൊവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ ചികില്‍സയ്ക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് പണം നല്‍കാന്‍ വഴിയൊരുങ്ങിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ കേന്ദ്രമിറക്കിയ വിശദീകരണ ഉത്തരവില്‍ ഈ ചട്ടങ്ങള്‍ റദ്ദാക്കി. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ സഹായധനം ലഭിക്കുമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, ധനസഹായം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ചുരുക്കിക്കൊണ്ടാണ് കേന്ദ്രം ഉത്തരവില്‍ ഭേദഗതി വരുത്തിയത്. പുതിയ ഉത്തരവ് അനുസരിച്ച് ഒരുമാസത്തേക്ക് ക്വാറന്റൈന്‍, സാംപിള്‍ ശേഖരണം, സ്‌ക്രീനിങ് എന്നിവയ്ക്കുള്ള ചെലവ് എന്നിവ മാത്രമേ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് എടുക്കാവൂ എന്നും പറയുന്നു.

'ചെറിയ തിരുത്തല്‍' എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം വരുത്തിയ ഈ മാറ്റം കൊവിഡ് ചികില്‍സാരംഗത്ത് വലിയ പ്രത്യാഘാതമാണ് വരുത്തുകയെന്നും ദുരിതാശ്വാസത്തിനും സഹായത്തിനും വേണ്ടിയുള്ള ദുരിതാശ്വാസനിധിയുടെ അര്‍ഥംതന്നെ ഇല്ലാതാക്കുന്നതാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് വലിയ സഹായമാവുമായിരുന്ന ചട്ടം പുനസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it