Kerala

കൊവിഡ്-19:യുഎഇയില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന്; ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി

പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാറുകളുടെ നിലപാട് അറിയിക്കാനും നിലവില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷക്കും ചികില്‍സക്കും വേണ്ടി സര്‍ക്കാറുകള്‍ എടുത്തിരിക്കുന്ന നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളയാളുകളെ ഇന്ത്യയിലെത്തിക്കാനുള്ള യാത്രയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബോധിപ്പിക്കണം. ഇവരുടെ യാത്രയ്ക്കാവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ബോധിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി

കൊവിഡ്-19:യുഎഇയില്‍ കുടുങ്ങികിടക്കുന്ന  ഇന്ത്യക്കാരെ  നാട്ടിലെത്തിക്കണമെന്ന്; ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരം തേടി.ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ ആണ് അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ , അഡ്വക്കറ്റ് എം മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് പരിഗണിച്ചത്.

ഇത് സംബന്ധിച്ച് രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാറുകളുടെ നിലപാട് അറിയിക്കാനും നിലവില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷക്കും ചികില്‍സക്കും വേണ്ടി സര്‍ക്കാറുകള്‍ എടുത്തിരിക്കുന്ന നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളയാളുകളെ ഇന്ത്യയിലെത്തിക്കാനുള്ള യാത്രയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബോധിപ്പിക്കണം. ഇവരുടെ യാത്രയ്ക്കാവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ബോധിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. വിദേശത്തുള്ളവര്‍ക്കു വേണ്ടി ക്രമീകരിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ബോധിപ്പിക്കണം. വിദേശത്തു നിന്നു ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ നയം സംബന്ധിച്ച വിവരങ്ങളും ബോധിപ്പിക്കണമെന്നു ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു.

കേരള സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍ ഹാജരായി മറ്റൊരു സംഘടന ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനും ഈ നിലപാട് എടുത്തെങ്കിലും ഹരജിക്കാരുടെ വാദങ്ങള്‍ കേട്ട കോടതി കേസ് ഈ മാസം 17ലേക്ക് മാറ്റി.മറ്റ് വിദേശരാജ്യങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നടക്കം മടക്കിക്കൊക്കൊണ്ടു പോകുന്നത് ഇന്ത്യ മാതൃകയാക്കണമെന്നു ഹരജി ഭാഗം വാദിച്ചു. വിദേശത്തു നിന്നു കൊണ്ടു വരുന്ന പൗരന്‍മാര്‍ കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടനയും കേരള സര്‍ക്കാറും നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞ് കൊള്ളാന്‍ തയാറാണെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു.

തൊഴിലന്വേഷിച്ചു സന്ദര്‍ശക വിസയില്‍ വന്ന് കാലാവധി തീര്‍ന്നു ചെലവിന് കാശില്ലാതെ വലയുന്നവര്‍, യാത്രാ നിയന്ത്രണം കാരണം കുട്ടികള്‍ ഇന്ത്യയിലും മാതാപിതാക്കള്‍ യുഎഇയിലുമായി കഴിയേണ്ടി വരുന്നവര്‍, തുടര്‍ ചികില്‍സ ലഭ്യമാക്കാന്‍ ഇന്ത്യയില്‍ എത്തേണ്ടത് അനിവാര്യമായ ഗര്‍ഭിണികള്‍, പരിചരിക്കാന്‍ മറ്റാരുമില്ലാത്ത അസുഖബാധിതനായവരെ സഹായിക്കേണ്ടതായ കുടുംബാംഗങ്ങള്‍, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബര്‍ ക്യാമ്പുകളില്‍ തുടരേണ്ടിവരുന്നവര്‍ എന്നിവരെയൊക്കെ നാട്ടില്‍ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ട് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രമേ പ്രവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ കഴിയൂ എന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു .

Next Story

RELATED STORIES

Share it