Kerala

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ വര്‍ധിക്കുന്നു; കൊവിഡിനായി മാറ്റിവെച്ച 10 വാര്‍ഡുകള്‍ തിരിച്ചെടുത്തു

മാതൃശിശുസംരക്ഷണ കേന്ദ്രത്തിലുള്ളത് 720 കിടക്കകളാണ്. സാമൂഹികഅകലം പാലിച്ചാല്‍ അനുവദിക്കാവുന്നത് 450 കിടക്കകള്‍ മാത്രം. ഇപ്പോഴുള്ളത് അഞ്ഞൂറോളം രോഗികളും.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ വര്‍ധിക്കുന്നു;  കൊവിഡിനായി മാറ്റിവെച്ച 10 വാര്‍ഡുകള്‍ തിരിച്ചെടുത്തു
X

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാധാരണ രോഗികളുടെ എണ്ണം കൂടുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നു. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ട് അനുവദിക്കപ്പെടുന്ന കിടക്കകളുടെ എണ്ണം കുറച്ചതും മൂന്നിലൊന്ന് ഡോക്ടര്‍മാര്‍ മാത്രമേ ഡ്യൂട്ടിയിലൂള്ളൂവെന്നതും ആശുപത്രിയധികൃതരെ പ്രതിസന്ധിയിലാക്കുന്നു.

മാതൃശിശുസംരക്ഷണ കേന്ദ്രത്തിലുള്ളത് 720 കിടക്കകളാണ്. സാമൂഹികഅകലം പാലിച്ചാല്‍ അനുവദിക്കാവുന്നത് 450 കിടക്കകള്‍ മാത്രം. ഇപ്പോഴുള്ളത് അഞ്ഞൂറോളം രോഗികളും. വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്ന് ഐഎംസിഎച്ച് സൂപ്രണ്ട് പറഞ്ഞു. മൂന്നിലൊന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഒപിയിലുള്ളത്. ബാക്കിയുള്ളവര്‍ കോവിഡ് ഡ്യൂട്ടിയിലും ക്വാറന്റീനിലും. ഡോക്ടര്‍മാര്‍ കുറഞ്ഞതോടെ ഒപിയില്‍ തിരക്ക് കൂടി.

എംസിഎച്ച് ഒപിയില്‍ കൊവിഡ് സാഹചര്യത്തില്‍ ദിവസേന 200നും 300നും ഇടയില്‍ രോഗികള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ എണ്ണൂറില്‍ കൂടുതലായി. കിടത്തിച്ചികിത്സയിലുള്ളവര്‍ ആയിരത്തിലേറെയുണ്ട്. കെഎച്ച്ആര്‍ഡബ്‌ള്യു പേവാര്‍ഡുകളാണ് കൊവിഡ് ബ്ലോക്കായി പ്രവര്‍ത്തിക്കുന്നത്.

ഒപിയിലെത്തുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തത് ആശങ്കയുയര്‍ത്തുന്നുണ്ട്. അതിനിടെ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെച്ച 10 വാര്‍ഡുകള്‍ തിരിച്ച് സാധാരണ വാര്‍ഡാക്കി.

രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത് വാര്‍ഡില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരാള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെങ്കിലും രണ്ടിലേറെ പേര്‍ വാര്‍ഡിലെത്തുന്നത് സാമൂഹിക അകലം ലംഘിക്കാനും ഇടയാക്കുന്നു.

Next Story

RELATED STORIES

Share it