Kerala

സംസ്ഥാനത്ത് 2 പേർക്ക് കൂടി കൊവിഡ്; വയനാട് ഓറഞ്ച് സോണിൽ

ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും. പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഇരചക്ര വാഹനത്തിൽ ഒരാൾ മാത്രമേ യാത്ര പാടുള്ളു.

സംസ്ഥാനത്ത് 2 പേർക്ക് കൂടി കൊവിഡ്; വയനാട് ഓറഞ്ച് സോണിൽ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 8 പേര്‍ക്ക് രോഗമുക്തി. ഇതില്‍ ആറ് പേര്‍ കണ്ണൂരിലും രണ്ടു പേർ ഇടുക്കിയിലുമാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത വയനാടിനെ രോഗം സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 499 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 96 പേരാണ് ചികിൽസയിൽ കഴിയുന്നത്.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. നിലവിൽ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കണ്ണൂരിൽ 23 ഹോട്ട് സ്‌പോട്ടുകളും കോട്ടയത്തും ഇടുക്കിയിലും 11 വീതം ഹോട്ട്‌സ്‌പോട്ടുകളുണ്ട്. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയായിരുന്നു വയനാട്. എന്നാല്‍ രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. 21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റും. നിലവില്‍ കൊവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. എറണാകുളവും ഗ്രീൻ സോണിലാണ്. ബാക്കി ഒമ്പത് ജില്ലകൾ ഓറഞ്ച് സോണിലാണ്.

സംസ്ഥാനത്ത് 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകള്‍ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്പിളുകളില്‍ 1234 എണ്ണം നെഗറ്റീവായി. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും.

കൊവിഡിനെതിരേ രോഗചികിത്സ, പ്രതിരോധം എന്നിവയാണ് കേരളം നടപ്പാക്കിയത്. ഇതിനായി കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ല. നല്ല ജാഗ്രത തുടരണം. പ്രവാസികളെ കൊണ്ടുവരാൻ സംവിധാനം പടിപടിയായി നടപ്പാക്കണം. അത്തരം സാഹചര്യത്തിൽ രോഗവ്യാപനം ഉണ്ടാവാതെ നോക്കണം.

റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും. മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും. പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഇരചക്ര വാഹനത്തിൽ ഒരാൾ മാത്രമേ യാത്ര പാടുള്ളു. ഹോട്ട്‌സ്‌പോട്ടുകളിലും ഇത് പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it