Kerala

കൊവിഡ് മരണസര്‍ട്ടിഫിക്കറ്റ്: നടപടിക്രമങ്ങള്‍ ലളിതമാക്കി

കൊവിഡ് മരണസര്‍ട്ടിഫിക്കറ്റ്: നടപടിക്രമങ്ങള്‍ ലളിതമാക്കി
X

കല്‍പ്പറ്റ: കൊവിഡ് മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ഡിഎംഒ അറിയിച്ചു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഐസിഎംആര്‍ അംഗീകരിച്ച മരണസര്‍ട്ടിഫിക്കറ്റ് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രി/ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയിലൂടെ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.gov.in/deathinfo പരിശോധിക്കാം. ലഭ്യമല്ലെങ്കില്‍ ഇതേ വെബ്‌സൈറ്റില്‍ 'appeal request' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപ്പീല്‍ സമര്‍പ്പിക്കാം.

മരണമടഞ്ഞ വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ ഒരാളായിരിക്കണം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തി സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി തിരികെ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മരണമടഞ്ഞ വ്യക്തിയെ സംബന്ധിച്ചു താഴെ പറയുന്ന വിവരങ്ങള്‍ ക്രമാനുഗതമായി നല്‍കണം.

തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്നും ലഭിച്ച മരണസര്‍ട്ടിഫിക്കറ്റ് നമ്പര്‍, മരണ സര്‍ട്ടിഫിക്കറ്റിലേതുപോലെ പേര്, വയസ്, ലിംഗം, പിതാവിന്റെ/മാതാവിന്റെ/ ഭര്‍ത്താവിന്റെ പേര്, ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പര്‍, സ്ഥിരമായ മേല്‍വിലാസം, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, മരണ തിയ്യതി, മരണസ്ഥലം, മരണം നടന്ന ജില്ല, മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര്, മരണസര്‍ട്ടിഫിക്കറ്റ്, മറ്റ് ആശുപത്രി രേഖകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപ്പീല്‍ സമര്‍പ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും നല്‍കണം. തുടര്‍ന്ന് അപ്പീല്‍ വിജയകരമായി സമര്‍പ്പിച്ചെന്ന സന്ദേശം ലഭിക്കും.

അപേക്ഷകന്റെ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ നമ്പറും ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അപ്പീല്‍ അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും. സമര്‍പ്പിച്ച അപ്പീല്‍, രേഖകളിലെ കൂട്ടിച്ചേര്‍ക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയക്കും. തുടര്‍ന്ന് ജില്ലാതല കൊവിഡ് മരണപരിശോധനാ സമിതി ഈ അപ്പീല്‍ അപേക്ഷയില്‍ തീരുമാനമെടുക്കും. വിവരം അപേക്ഷകന് ഫോണില്‍ സന്ദേശമായി നല്‍കും. തുടര്‍ന്ന് പുതിയ സര്‍ട്ടിഫിക്കറ്റ് അപ്പീല്‍ നല്‍കിയ വ്യക്തിക്ക് ആരോഗ്യ സ്ഥാപനത്തില്‍നിന്ന് കൈപ്പറ്റാം. അക്ഷയകേന്ദ്രം വഴിയും സേവനം ലഭ്യമാവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Next Story

RELATED STORIES

Share it