Kerala

കൊവിഡ്,വെള്ളപ്പൊക്കം: ആലപ്പുഴയില്‍ ഡിസിസികളും ദുരിതാശ്വാസ ക്യാംപുകളും അടിയന്തരമായി സജ്ജമാക്കാന്‍ മന്ത്രമാരുടെ നിര്‍ദേശം

ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉള്ള ഡിസിസികള്‍ അടിയന്തരമായി തയാറാക്കി റിപ്പോര്‍ട്ട് ചെയ്യണം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളെ പ്രാദേശികമായി മൈക്രോ നിയന്ത്രണമേഖലകളായി പരിഗണിച്ച് സാധ്യമായ ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

കൊവിഡ്,വെള്ളപ്പൊക്കം: ആലപ്പുഴയില്‍ ഡിസിസികളും ദുരിതാശ്വാസ ക്യാംപുകളും അടിയന്തരമായി സജ്ജമാക്കാന്‍ മന്ത്രമാരുടെ നിര്‍ദേശം
X

ആലപ്പുഴ: കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്തും കാലവര്‍ഷം അടുത്തുവന്നതും പരിഗണിച്ച് ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളെ പ്രത്യേകം മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും (ഡിസിസി) ദുരിതാശ്വാസ ക്യാംപുകളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ എത്രയും പെട്ടെന്ന് സജ്ജമാക്കിവയ്ക്കാന്‍ മന്ത്രിമാരുടെ നിര്‍ദ്ദേശം. ജില്ലയിലെ കൊവിഡ് സാഹചര്യവും കാലവര്‍ഷ മുന്നൊരുക്കപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും അടിയന്തരമായി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ജില്ലതല ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉള്ള ഡിസിസികള്‍ അടിയന്തരമായി തയാറാക്കി റിപ്പോര്‍ട്ട് ചെയ്യണം. നിലവില്‍ രോഗികളില്ല എന്ന സാഹചര്യം പരിഗണിക്കേണ്ടതില്ലെന്നും കാലവര്‍ഷക്കെടുതി മുന്‍കൂട്ടിക്കണ്ട് ഡിസിസികള്‍ തയാറാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രണ്ടുദിവസത്തിനകം ഇതിനുള്ള നടപടി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചു.

കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളെ പ്രാദേശികമായി മൈക്രോ നിയന്ത്രണമേഖലകളായി പരിഗണിച്ച് സാധ്യമായ ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രോഗത്തിന്റെ വ്യാപനവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പരിഗണിച്ചേ ഇക്കാര്യം പരിഗണിക്കാനാവൂവെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയും കൊവിഡ് വ്യാപനവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ അടിയന്തരമായി അവലോകന യോഗം ചേരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണം.

കഴിഞ്ഞ മഴക്കെടുതിയില്‍ വീട് തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കണക്കെടുപ്പിന്റെ നടപടിക്രമങ്ങള്‍ വൈകരുത്. നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി ചെയ്യണം. വില്ലേജ് ഓഫീസില്‍ ലഭിച്ച അപേക്ഷകള്‍ രണ്ടുദിവസത്തിനുള്ളില്‍ അടിയന്തിരമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അഞ്ചു ദിവസത്തിനകം നഷ്ടത്തിന്റെ ശതമാനം കണക്കാക്കി തിരികെ റവന്യൂ വകുപ്പിന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് ലഭിച്ചാല്‍ ഉടന്‍ നഷ്ടപരിഹാരത്തുക വിതരണം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കണക്കുകള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഒരു തരത്തിലും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അടിയന്തര ഇടപെടല്‍ നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടനാടിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ കാട്ടണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 2018ലെ പ്രളയകാലത്ത് കുട്ടനാട്ടിലുള്ളവരെ മറ്റു മണ്ഡലങ്ങളിലേക്ക് പൂര്‍ണമായും മാറ്റി താമസിപ്പിച്ചിരുന്നു. ഇത്തവണയും അത്തരമൊരു സാഹചര്യമുണ്ടായാല്‍ അവിടെയുള്ള മുഴുവന്‍പേരെയും മാറ്റി താമസിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പദ്ധതിയും ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യണം. ഇതിനായി ക്യാമ്പുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നേരത്തേ കണ്ടെത്തി സജ്ജീകരിക്കണം.

കടലാക്രമണം നേരിടുന്ന തീരദേശങ്ങളിലുള്ളവരെ നിലവിലെ സാഹചര്യത്തില്‍ അടിയന്തരമായി ക്യാമ്പുകള്‍ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സുരക്ഷിതരാക്കണമെന്നും മഴക്കാലപൂര്‍വ്വ ശുചീകരണം സംബന്ധിച്ച് ഗൗരവമായ നടപടികള്‍ പഞ്ചായത്ത് തലത്തില്‍ വേണമെന്നും സജി ചെറിയാന്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളുടെ സ്ഥിതിയും പരിശോധിക്കുന്നതിന് അടിയന്തരമായി യോഗം ചേരണമെന്ന് ജില്ല കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ക്ക് കിറ്റ് ലഭ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തും. തോട്ടപ്പള്ളി സ്പില്‍വേയുടെ പ്രവര്‍ത്തനം വിലയിരുത്താനും ടി ഡി മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പ്രത്യേക യോഗം ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും കൗണ്‍സിലിങ് ആവശ്യമാണെങ്കില്‍ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ കോവിഡ് ചികില്‍സാ രംഗത്തുള്ള ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് ജില്ല മെഡിക്കല്‍ ഓഫീസറെയും ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം ഓഫീസറെയും ചുമതലപ്പെടുത്തി. താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നിയമനം നടത്തി ഇക്കാര്യത്തില്‍ അടിയന്തരമായി പരിഹാരം കാണാന്‍ മന്ത്രി പി പ്രസാദ് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന ഫലം വൈകുന്ന പ്രശ്നം പരിഹരിക്കും. 24 മണിക്കൂറിനകം പരിശോധന ഫലം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ എവിടെയെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടാല്‍ അത് പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കിറ്റ് ലഭ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തും. ഒറ്റമശ്ശേരിയിലെ കടലാക്രമണത്തിന് താല്‍ക്കാലിക ശമനം കാണാന്‍ ഇറിഗേഷന്‍ വകുപ്പ് ഒമ്പതു ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നിന്നുള്ള വെള്ളം പമ്പിങ് നടത്തി നീക്കുന്നതിന് മൂന്ന് പമ്പുകള്‍ നല്‍കിയിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ഉടനെ യോഗം വിളിക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.

Next Story

RELATED STORIES

Share it