Kerala

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം: തലസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തമാക്കുന്നു

വ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം നിരീക്ഷണ സംവിധാനം ശക്തമാക്കും.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം: തലസ്ഥാനത്ത് കൊവിഡ് പരിശോധന ശക്തമാക്കുന്നു
X

തിരുവനന്തപുരം: ഉറവിടം അറിയാതെ കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ഗുരുതര അവസ്ഥയിലേക്ക് സംസ്ഥാന തലസ്ഥാനം. സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 14 പേരുടെയും ഉറവിടം വ്യക്തമല്ല. ഇത് സമൂഹ വ്യാപനത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ്. സ്ഥിതിയുടെ ഗൗരവം കണക്കിലെടുത്താണ് തിരുവനന്തപുരം നഗരസഭ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കര്‍ശനമായ നിരീക്ഷണത്തോടൊപ്പം രോഗ പരിശോധനയും വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്. ഉറവിടം അറിയാത്ത 14 കേസുകളില്‍ പത്തു കേസുകളും പൂന്തുറ ഭാഗത്താണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കന്യാകുമാരിയില്‍ നിന്ന് ദിവസവും മത്സ്യമെത്തിക്കുന്ന പൂന്തുറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സമ്പര്‍ക്കത്തില്‍ രണ്ട് പേര്‍ക്കും രോഗം ബാധിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൂന്തുറയില്‍ വ്യാപകമായി രോഗം പടര്‍ന്നത് എന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. പ്രദേശത്ത് ഒരു സൂപ്പര്‍ സ്പ്രഡ് നടന്നിട്ടുണ്ടോയെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.

പൂന്തുറയില്‍ അടക്കം വ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം നിരീക്ഷണ സംവിധാനം ശക്തമാക്കും. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുമായും നേരത്തെ രോഗ ബാധിതരായവരുമായും സമ്പര്‍ക്കം പുലര്‍ത്തിയ വരെയെല്ലാം കര്‍ശനമായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഇതിനായി പോലിസ് സഹായവും ആരോഗ്യവകുപ്പ് തേടിയിട്ടുണ്ട്. ആന്റി ബോഡി ടെസ്റ്റുകളും വര്‍ധിപ്പിക്കും. സ്രവ പരിശോധന 650 എണ്ണമായെങ്കിലും വര്‍ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കൊപ്പം സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാനായി പ്രത്യേക പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാരനും പാളയം സാഫല്യം ഷോപ്പിങ് കോംപ്ലക്‌സിലെ അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it