Kerala

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു 'കുടുക്ക' നിറയെ സ്‌നേഹവുമായി ശാരദാമ്മ

കഴിഞ്ഞ വിഷുവിന് മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിഷുക്കൈനീട്ടം ഉള്‍പ്പെടെ കുടുക്കയില്‍ പലപ്പോഴായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യമാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കുടുക്ക നിറയെ സ്‌നേഹവുമായി ശാരദാമ്മ
X

ആലപ്പുഴ: പ്രളയവും കൊവിഡും പിടിച്ചുലച്ച പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള കേരളത്തിന്റെ പരിശ്രമത്തില്‍ ഒരു കുടുക്ക നിറയെ സ്നേഹ സമ്പാദ്യം നല്‍കി ശാരദാമ്മയും പങ്കാളിയായി. മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡ് സ്വദേശിയായ വഴീക്കല്‍പറമ്പില്‍ ശാരദാമ്മയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം നല്‍കിയത്. കഴിഞ്ഞ വിഷുവിന് മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിഷുക്കൈനീട്ടം ഉള്‍പ്പെടെ കുടുക്കയില്‍ പലപ്പോഴായി സ്വരുക്കൂട്ടി വെച്ച സമ്പാദ്യമാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

പഞ്ചായത്തിന്റെ അഗതി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ശാരദാമ്മ പെണ്‍ മക്കളെ കെട്ടിച്ചയച്ചതിനു ശേഷം ഒറ്റക്കാണ് താമസം. കൊവിഡിനെ കുറിച്ചും അതുണ്ടാക്കുന്ന പ്രതിസന്ധിയുമൊക്കെ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ ശാരദാമ്മയുടെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു ഒരു ചെറിയ തുകയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയെന്നത്. അങ്ങനെയാണ് താന്‍ പണം സ്വരൂക്കൂട്ടി സൂക്ഷിച്ചിരുന്ന കുടുക്കയുമായി വാര്‍ഡ് അംഗം വഴി പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിനെ സമീപിച്ചത്.

തുടര്‍ന്ന് പഞ്ചായത്തില്‍ നേരിട്ടെത്തി കുടുക്കയിലെ സമ്പാദ്യം പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിച്ചു. കുടുക്കയില്‍ എത്ര രൂപ ഉണ്ടെന്ന് ശരദാമ്മക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ പരിശോധിച്ചപ്പോള്‍ കുടുക്കയില്‍ ഉണ്ടായിരുന്ന 1863 രൂപയാണെന്ന് കണ്ടെത്തി. ഈ പണം പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പറഞ്ഞു.

Next Story

RELATED STORIES

Share it