Kerala

കൊവിഡ് വ്യാപനം: ജയിലുകളില്‍ ക്വാറന്റൈല്‍ സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ ഉപയോഗിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

കൊവിഡ് വൈറസ് ജയിലുകളില്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ ഉന്നയിക്കുന്ന ആശങ്ക കമ്മീഷന്‍ ഗൗരവമായെടുക്കുന്നതായി ഉത്തരവില്‍ പറഞ്ഞു.

കൊവിഡ് വ്യാപനം: ജയിലുകളില്‍ ക്വാറന്റൈല്‍ സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ ഉപയോഗിക്കണം- മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: തടവുകാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സൗകര്യമില്ലാത്ത ജയിലുകളില്‍ ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരോള്‍ അനുവദിക്കാനും നീട്ടിനല്‍കാനും സ്ഥിതിഗതികള്‍ വിലയിരുത്തി കാലതാമസം കൂടാതെ ഉചിതമായ ഉത്തരവുകള്‍ പാസാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയില്‍ ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി. കൊവിഡ് വൈറസ് ജയിലുകളില്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ ഉന്നയിക്കുന്ന ആശങ്ക കമ്മീഷന്‍ ഗൗരവമായെടുക്കുന്നതായി ഉത്തരവില്‍ പറഞ്ഞു.

ജയില്‍ അന്തേവാസികള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ആകെ പാര്‍പ്പിക്കേണ്ട അന്തേവാസികളെക്കാള്‍ വളരെ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടു. തടവുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജയില്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് അതീവപ്രാധാന്യമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ജയിലുകളില്‍ രോഗവ്യാപനമുണ്ടാവുന്ന സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലെ ചില അന്തേവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ജയില്‍ വിഭാഗം ഡയറക്ടര്‍ ജനറലില്‍നിന്നും കമ്മീഷന്‍ അന്വേഷണ റിപോര്‍ട്ട് വാങ്ങി. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 60 ദിവസത്തെ പ്രത്യേക സാധാരണ അവധി അനുവദിച്ചിട്ടുള്ളതായി റിപോര്‍ട്ടില്‍ പറയുന്നു. കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് റിമാന്റ് ചെയ്യപ്പെട്ടവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ക്വാറന്റൈന്‍ സൗകര്യം ജയിലുകളില്‍ പരിമിതമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ജയിലുകളില്‍ വൈറസ് വ്യാപിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്തിട്ടുള്ളതായി ജയില്‍ മേധാവി അറിയിച്ചു. നിലവില്‍ ജയിലുകളിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മാധ്യമ റിപോര്‍ട്ടുകളില്‍നിന്നും മനസ്സിലാക്കുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആദ്യമായി ഒരു തടവുകാരന്‍ ജയിലില്‍ മരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 17 വരെ 470 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഈ സാഹചര്യത്തില്‍ ആശങ്ക ഗൗരവമായി കാണണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it