Kerala

കൊവിഡ് വ്യാപനം: കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണം; രാത്രി ഏഴുമുതല്‍ രാവിലെ അഞ്ചുവരെ നൈറ്റ് കര്‍ഫ്യൂ

മാര്‍ക്കറ്റിലേക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച മാര്‍ക്കറ്റിലെ 11 തൊഴിലാളികളെ ട്രൂനാറ്റ് പരിശോധന നടത്തിയതില്‍നിന്നാണ് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം: കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണം; രാത്രി ഏഴുമുതല്‍ രാവിലെ അഞ്ചുവരെ നൈറ്റ് കര്‍ഫ്യൂ
X

മലപ്പുറം: മാര്‍ക്കറ്റിലെ എട്ട് തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ക്കറ്റിലേക്ക് വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച മാര്‍ക്കറ്റിലെ 11 തൊഴിലാളികളെ ട്രൂനാറ്റ് പരിശോധന നടത്തിയതില്‍നിന്നാണ് എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊണ്ടോട്ടി നഗരസഭ മാര്‍ക്കറ്റില്‍ ഏകദേശം 500 ഓളം തൊഴിലാളികളും 50 ഓളം ലോറി ഡ്രൈവര്‍മാരും ദിവസേന ജോലിചെയ്തുവരുന്നുണ്ട്. ലോറി ഡ്രൈവര്‍മാരില്‍ ഭൂരിഭാഗം പേരും അന്തര്‍സംസ്ഥാനങ്ങളില്‍ പോയിവരുന്നവരുമാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം തടയുന്നതിനാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 1,897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐപിസി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍

പ്രതിരോധം, കേന്ദ്ര സായുധ പൊലിസ് സേന, ട്രഷറി, പൊതുസേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉല്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫിസുകള്‍, നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫിസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളതല്ല.

ജില്ലാ ഭരണം, റവന്യൂ ഡിവിഷനല്‍ ഓഫിസ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നിവ പ്രവര്‍ത്തിക്കും. നഗരസഭ/ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ക്ക് കുടിവെള്ള വിതരണം/ദുരന്തനിവാരണം ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവ കുറച്ച് ജീവനക്കാരെവച്ച് നടത്തും.

ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍ ആംബുലന്‍സ് മുതലായവയും പൊതു-സ്വകാര്യമേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂനിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

മെഡിക്കല്‍ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. (എയര്‍പോര്‍ട്ട് / റെയില്‍വേ സ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്ര അനുവദിക്കും)

ദേശീയപാതയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ഈ പ്രദേശ പരിധിയില്‍ നിര്‍ത്തരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുള്ളതുമായ ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കള്‍ കൊണ്ടുപോവുന്ന ചരക്കുവാഹനങ്ങളുടെഗതാഗതം അനുവദിക്കും.

ഭക്ഷ്യ/അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാവിലെ ഒമ്പത് വരെ സാധനങ്ങള്‍ ശേഖരിക്കാനും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ വില്‍പ്പന നടത്താനും അനുമതിയുണ്ട്.

പാല്‍ ബൂത്ത് രാവിലെ അഞ്ച് മുതല്‍ രാവിലെ 10 വരെയും വൈകീട്ട് നാല് മുതല്‍ വൈകീട്ട് ആറ് വരെയും പ്രവര്‍ത്തിപ്പിക്കാം.

രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ചുവരെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എടിഎം പ്രവര്‍ത്തിക്കാം

അനുവദിച്ചിട്ടുള്ള എല്ലാ പ്രവൃത്തികളും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് ക്രമീകരിക്കണം.

ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം. എല്ലാവരും ബ്രേക്ക് ദ ചെയിന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

Next Story

RELATED STORIES

Share it