Kerala

കൊവിഡ് പരിശോധനയും ചികില്‍സയും; കോട്ടയം ജില്ലയില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു

ജൂലൈ 15ഓടെ സംസ്ഥാനത്തെ പ്രതിദിന സാംപിള്‍ ശേഖരണം പതിനയ്യായിരത്തിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആനുപാതികമായി പ്രതിദിനം ശരാശരി ആയിരം സാംപിളുകള്‍ ശേഖരിക്കാന്‍ കഴിയുംവിധം ജില്ലയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

കൊവിഡ് പരിശോധനയും ചികില്‍സയും; കോട്ടയം ജില്ലയില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു
X

കോട്ടയം: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ രോഗചികില്‍സയ്ക്കും സാംപിള്‍ പരിശോധനയ്ക്കുമുള്ള സൗകര്യങ്ങള്‍ അടിയന്തരമായി വിപുലീകരിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച കൊവിഡ് കര്‍മപദ്ധതിയുടെ (സര്‍ജ് പ്ലാന്‍) അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജൂലൈ 15ഓടെ സംസ്ഥാനത്തെ പ്രതിദിന സാംപിള്‍ ശേഖരണം പതിനയ്യായിരത്തിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആനുപാതികമായി പ്രതിദിനം ശരാശരി ആയിരം സാംപിളുകള്‍ ശേഖരിക്കാന്‍ കഴിയുംവിധം ജില്ലയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ്, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും ഒരു മൊബൈല്‍ യൂനിറ്റ് വഴിയുമാണ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്നത്. കൂടുതല്‍ കേന്ദ്രങ്ങളില്‍ ശേഖരണസംവിധാനം ഏര്‍പ്പെടുത്തുന്നതിനും മൊബൈല്‍ യൂനിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. രോഗബാധിതരെ ചികില്‍സിക്കുന്നതിനും കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിക്കുന്നവരെ പ്രവേശിപ്പിക്കുന്നത്. ഈ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും.

ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെ ചികില്‍സിക്കുന്ന പ്രത്യേക കേന്ദ്രങ്ങളും (കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍-സിഎഫ്എല്‍ടിസി) സജ്ജമാക്കിത്തുടങ്ങി. ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ മറ്റ് ചികില്‍സാസംവിധാനങ്ങള്‍ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഈ വിഭാഗത്തില്‍പെടുന്ന രോഗികളെ പ്രവേശിപ്പിക്കും. ഇതിനു പുറമെ തെക്കുംതലയിലെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ്, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, കങ്ങഴ എംജിഡിഎം ആശുപത്രി എന്നിവയും ആദ്യഘട്ടത്തില്‍ സിഎഫ്എല്‍ടിസികളാക്കും. ഇത്തരം കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ തെറാപ്പി സംവിധാനവും ക്രമീകരിക്കും.

ജില്ലയില്‍ ആകെ 23 സിഎഫ്എല്‍ടിസികളിലായി 3200 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം 10,000 എത്തുന്നതുവരെയുള്ള ചികില്‍സാക്രമീകരണങ്ങളുടെ രൂപരേഖ കര്‍മപദ്ധതിയിലുണ്ട്. ഒരേസമയം ഇതിലും അധികം പേര്‍ രോഗബാധിതരാവുന്ന സാഹചര്യമുണ്ടായാല്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും.

കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമായി വരുന്ന സാഹചര്യം നേരിടുന്നതിന് സ്വകാര്യാശുപത്രികളുടെ സഹകരണം തേടും. കൊവിഡ് മുക്തരാകുന്നവരെ വീടുകളില്‍ എത്തിക്കുന്നതിന് ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതിനു പകരം ഡ്യുവല്‍ ചേംബര്‍ ടാക്‌സി കാറുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ചികില്‍സ ലഭ്യമാക്കുന്നതിനും കാലതാമസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി തിലോത്തമന്‍ നിര്‍ദേശിച്ചു.

മാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനങ്ങള്‍ കൂടുതലായെത്തുന്ന മറ്റു കേന്ദ്രങ്ങളിലെയും തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് പ്രതിരോധമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പോലിസ് ജാഗ്രത പുലര്‍ത്തണം. മാസ്‌ക് ഇല്ലാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ എം അഞ്ജന, ജില്ലാ പോലിസ് മേധാവി ജി ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it