Kerala

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പുതിയ വാക്‌സിനേഷന്‍ നയം പിന്‍വലിക്കണമെന്നും പരിഷത്ത്

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
X

തിരുവനന്തപുരം: പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വാക്‌സിനേഷന്‍ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സൗജന്യ വാക്‌സിനേഷന്‍ പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പുതിയ വാക്‌സിനേഷന്‍ നയം പ്രകാരം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് 50ശതമാനം വാക്‌സിന്‍ മാത്രമേ കേന്ദ്രസര്‍ക്കാറിനു വില നിയന്ത്രണത്തോടെ നല്‍കേണ്ടതുള്ളൂ. ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയിലും കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് വില്‍പ്പന നടത്താനുള്ള സ്വാതന്ത്ര്യമാണ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് യാതൊരുവിധ ധനസഹായവും ഇതിലേക്കായി ലഭ്യമാക്കിയിട്ടുമില്ല. വിതരണ നീതി പൂര്‍ണമായി ഇല്ലാതാക്കുന്ന ഈ നയം മൂലം സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എല്ലാം വിപണിയില്‍ വാക്‌സിന്‍ കിട്ടാന്‍ മത്സരിക്കേണ്ടി വരും.

ഉല്‍പ്പാദനത്തെക്കാള്‍ അധികം ആവശ്യം വരുമ്പോള്‍ സ്വാഭാവികമായും വില കൂടുകയും കരിഞ്ചന്ത വ്യാപകമാവുകയും ചെയ്യും. വാക്‌സിന്‍ വിലകൊടുത്തു വാങ്ങി ഉപയോഗിക്കാന്‍ ശേഷിയില്ലാത്ത വലിയ വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാവാതിരിക്കുക എന്നതായിരിക്കും ഇതിന്റെ അനന്തരഫലം. രാജ്യത്തിന്റെ രോഗപ്രതിരോധ പദ്ധതി വിപണിക്ക് വിട്ടുകൊടുക്കുന്ന ഈ നയം കൊവിഡ് പ്രതിരോധത്തെ പൂര്‍ണമായും തകര്‍ക്കുന്ന നടപടിയാണ്. നിലവിലുള്ള നിരവധി പൊതുമേഖലാ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ പക്ഷപാത സമീപനം ഉപേക്ഷിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് മതിയായ സര്‍ക്കാര്‍ പിന്തുണ നല്‍കി വാക്‌സിന്റെ ആഭ്യന്തര ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം വാക്‌സിന്‍ ലഭ്യമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ പുതിയ വാക്‌സിനേഷന്‍ നയം പിന്‍വലിക്കാനും സൗജന്യമായി വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാര്‍ത്താക്കുറുപ്പില്‍ ആവിശ്യപ്പെട്ടു.

Next Story

RELATED STORIES

Share it