Kerala

പ്രവാസികൾക്ക് കൊവിഡ് പരിശോധന: ന്യായീകരിച്ച് മുഖ്യമന്ത്രി; രോഗബാധിതരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മെയ് 8നുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

പ്രവാസികൾക്ക് കൊവിഡ് പരിശോധന: ന്യായീകരിച്ച് മുഖ്യമന്ത്രി; രോഗബാധിതരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല
X

തിരുവനന്തപുരം: വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യും. അതില്‍ ഒരു മാറ്റവുമില്ല. അതേസമയം തന്നെ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. ഇക്കാര്യത്തില്‍ നാം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.

ഈ ജാഗ്രതയുടെയും മുന്‍കരുതലിന്‍റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവര്‍ക്ക് അവര്‍ പുറപ്പെടുന്ന രാജ്യത്തുതന്നെ കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുമ്പോള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മെയ് 8നുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മെയ് 8ന് 16 പേര്‍ക്ക് മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയത്. ഇന്ന് അത് 2697 ആണ്. മെയ് എട്ടുവരെ സംസ്ഥാനത്തു കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 503 ആയിരുന്നു. യാത്രാ നിയന്ത്രണങ്ങളില്‍ അയവു വന്നശേഷം കേരളത്തിലേക്ക് വിദേശത്തു നിന്ന് 84,195 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,79,059 പേരും ജൂണ്‍ 16 വരെ എത്തിയിട്ടുണ്ട്.

കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതെന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നല്‍കിയ കത്തിലും സംസ്ഥാനം ആവര്‍ത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്‍റെ 300 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റിന് കേരളം എന്‍ഒസി നല്‍കിയിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവര്‍ അറിയിച്ചത്. ഇത് അവര്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനയാണ്. ചില സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനം അതും നല്‍കി. അവരോടും സ്പൈസ്ജെറ്റ് ചെയ്യുന്നതുപോലെ കൊവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം.

ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളില്‍ സ്പൈസ് ജെറ്റ് കമ്പനി ടെസ്റ്റുകള്‍ നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് കമ്പനിയുടെ സിഎംഡി തന്നെ അറിയിച്ചിരുന്നു. ഇതിനകം ഇരുപതിലധികം വിമാനങ്ങള്‍ ടെസ്റ്റിങ് നടത്തിയ യാത്രക്കാരുമായാണ് വന്നിട്ടുള്ളത്. ജൂണ്‍ 30നകം 100 വിമാനങ്ങള്‍ വരുന്നുണ്ടെന്നും ജൂണ്‍ 20നു ശേഷം ഓരോ യാത്രക്കാര്‍ക്കും പ്രത്യേകമായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും അവരുടെ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കില്‍ ആന്‍റിബോഡി ടെസ്റ്റ് നടത്താവുന്നതാണ്. ആന്‍റി ബോഡി ടെസ്റ്റിന്‍റെ ഫലം പെട്ടെന്ന് ലഭിക്കും. ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ട്. ആ പരിശോധനയ്ക്ക് കുറഞ്ഞ ചെലവേ വരൂ. യാത്രക്കാര്‍ക്കും മറ്റും ഏറ്റവും ഉചിതമായ ടെസ്റ്റ് എന്നാണ് അതിനെക്കുറിച്ച് പറയുന്നത്. പരമാവധി ആയിരം രൂപയ്ക്കുവരെ പരിശോധന നടത്താമെന്നിരിക്കെ ആര്‍ടി പിസിആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് അമിതമായ നിരക്കുകള്‍ ഈടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. ഇത് നീതീകരിക്കാവുന്ന കാര്യമല്ല.

ഇവിടെ സംസ്ഥാനം ആവശ്യമുന്നയിച്ചത് കേന്ദ്ര ഗവണ്‍മെന്‍റിനോടാണ്. അത് രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്നാണ്. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി ഇന്ത്യാ ഗവണ്‍മെന്‍റ് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് നാം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി ഈ പ്രത്യേക സാഹചര്യത്തിന്‍റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്‍റ് ബന്ധപ്പെടണം. അങ്ങനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോള്‍ രാജ്യം അത് ചെയ്തിട്ടുണ്ട്. ആവര്‍ത്തിച്ചു പറയാനുള്ളത്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് നമ്മുടെ നിലപാട്.

ഖത്തറിലെ അംബാസിഡര്‍ നമ്മുടെ നിര്‍ദ്ദേശത്തോട് നടത്തിയ പ്രതികരണം താഴെപ്പറയും പ്രകാരമാണ്. 'ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഹ്തെരാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ള ആളുകള്‍ കൊവിഡ് നെഗറ്റീവ് ആയിരിക്കും. ഈ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമേ എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശനമുള്ളു'. നിലവില്‍ ഖത്തറില്‍ നിന്നും വരുന്നവര്‍ക്ക് ഈ നിബന്ധന തന്നെ മതിയാകും.

യുഎഇ എയര്‍പോര്‍ട്ടുകളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. അതു തന്നെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ചെയ്യാന്‍ ബന്ധപ്പെട്ട വിമാന കമ്പനികള്‍ അതാത് രാജ്യത്തെ ഹെല്‍ത്ത് അതോറിറ്റിയുമായി ചേര്‍ന്ന് ടെസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ടാക്കിയാല്‍ പ്രശ്നം ഉണ്ടാവില്ല. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം ഇല്ലാത്തതാണ് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.

നിലവിലെ സ്ഥിതിയില്‍ വിദേശത്തുനിന്നും ഇവിടെ വരുന്നവരില്‍ 1.5 ശതമാനം ആളുകള്‍ കൊവിഡ് പോസിറ്റീവായി കാണപ്പെടുന്നു. യാത്രക്കാരുടെ എണ്ണം രണ്ടു ലക്ഷത്തിലധികമായി വര്‍ദ്ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണവും വര്‍ദ്ധിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ഉദ്ദേശം രണ്ടു ശതമാനം ആളുകള്‍ കൊവിഡ് പോസിറ്റീവായാല്‍ വിദേശത്തുനിന്നു വരുന്നവരില്‍ നാലായിരത്തോളമാളുകള്‍ കൊവിഡ് പോസിറ്റീവാകും. ഇവരില്‍ നിന്നും സമ്പര്‍ക്കംമൂലം കൂടുതല്‍ ആളുകളിലേയ്ക്ക് രോഗം വ്യാപിക്കുകയും ചെയ്യും. ഇത് സമൂഹ വ്യാപനത്തിലേയ്ക്കും നയിച്ചേക്കാം.

ഇതുവരെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരുടെയും വിമാനങ്ങളുടെയും ചില വിവരങ്ങള്‍ കൂടി പറയേണ്ടതുണ്ട്. വന്ദേ ഭാരത് മിഷന്‍ അനുസരിച്ച് 179 വിമാനങ്ങളാണ് വന്നത്. 124 സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ആകെ 303. ജൂണ്‍ 24 വരെ 149 ഫ്ളൈറ്റുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി 171ഉം സ്പൈസ് ജെറ്റിന്‍റെ നൂറുമായാല്‍ 420 ഫ്ളൈറ്റുകള്‍ വരാനുണ്ട്.

ഇന്നലെ വരെ (ജൂണ്‍ 16ന്) 1366 പോസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ 1246 എണ്ണവും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ നിന്നുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെ എണ്ണം 533 ആണ്. വിദേശത്തു നിന്നും വന്നവരുടെ എണ്ണം 713 ആണ്. മൊത്തം കേസുകളുടെ 52.19 ശതമാനം വിദേശത്തുനിന്നും വന്നവരാണ്. വിദേശത്തുനിന്നുള്ള സഹോദരീസഹോദരന്‍മാരെ സ്വാഗതം ചെയ്യുന്നതോടൊപ്പം രോഗവ്യാപനം അവരിലും മറ്റുള്ളവരിലും തടയേണ്ടത് ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികള്‍ ധാരാളമുണ്ടാകും. അവര്‍ക്ക് സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം.

കൊവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റു തരത്തില്‍ വ്യാഖ്യാനിച്ച് സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടെ ഭാഗമായി. മാര്‍ച്ച് 11ന് കേന്ദ്ര സഹമന്ത്രി പറഞ്ഞ ഒരു കാര്യമുണ്ട്. 'രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്താല്‍ രോഗം പകരാം. അതത് രാജ്യങ്ങളില്‍ തന്നെ പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെത്തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികം'. ഇതായിരുന്നു അന്നത്തെ നിലപാട്. ഇപ്പോള്‍ അതില്‍ നിന്നും മാറുന്നു. കേരളം അത്തരമൊരു നിലപാട് എടുത്തിട്ടില്ല. രോഗമുള്ളവരെയും ഇല്ലാത്തവരെയും വേറെ വേറെ നാട്ടിലെത്തിക്കണം എന്നതാണ് അന്നും ഇന്നും നാം പറയുന്നത്. അല്ലാതെ രോഗമുള്ളവര്‍ അവിടെത്തന്നെ കഴിയട്ടെ എന്നല്ല.

പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോള്‍ കേന്ദ്ര സഹമന്ത്രി പ്രതികരിച്ചത് (മെയ് 5) എല്ലാവരും കേട്ടതാണ്. 'ഇദ്ദേഹത്തിനോട് ആരാണ് പറഞ്ഞത്, കൊറോണയുടെ ടെസ്റ്റില്ലാതെയാണ് കൊണ്ടുവരുന്നത് എന്ന്? ഞങ്ങള്‍ അവിടെനിന്നുള്ള ടെസ്റ്റ് നടത്തിയതിനു ശേഷമാണ് ആളുകളെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എല്ലാ ആളുകളെയും അവര്‍ വിമാനത്തില്‍ കയറുന്നതിനു മുമ്പ് ടെസ്റ്റിനു വിധേയരാക്കും. വിധേയരാക്കിയതിനു ശേഷം മാത്രമേ അവരെ കയറ്റൂ'. ഇതു പറഞ്ഞ ആള്‍ തന്നെയാണ് ഇന്ന് കേരളം ടെസ്റ്റിനുവേണ്ടി പറയുന്നത് മഹാപാതകം എന്ന് പറഞ്ഞുനടക്കുന്നത്. മെയ് അഞ്ചിന് ഇങ്ങനെ പറഞ്ഞതിനുശേഷം എന്ത് അല്‍ഭുതമാണ് സംഭവിച്ചിട്ടുള്ളത് ഇങ്ങനെ നിലപാട് മാറ്റാന്‍? അത് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ.

കൊവിഡ് ബാധിച്ചവര്‍ മറ്റുള്ളവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്തുതന്നെയായാലും ഒഴിവാക്കണം. രോഗം പടരുന്നത് തടയാന്‍ ഈ നിയന്ത്രണം അനിവാര്യമാണ്. രോഗബാധയുള്ളവരെ, അവര്‍ക്കു യാത്ര ചെയ്യാന്‍ ആരോഗ്യമുണ്ടെങ്കില്‍ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്. അങ്ങനെ എത്തുന്നവര്‍ക്ക് ഇവിടെ ചികിത്സ നല്‍കും.

വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഫ്ളൈറ്റുകളില്‍ ഇന്ത്യന്‍ എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അര്‍ഹരായവര്‍ക്ക് മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ അഭ്യര്‍ത്ഥന പലവട്ടം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുന്‍ഗണന സൂചിപ്പിച്ചുകൊണ്ട് എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.

യാത്രക്കാരുടെ ലിസ്റ്റിന് അവസാന രൂപമായാല്‍ വിമാനം പുറപ്പെടുന്നതിന് മൂന്നു ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം. പത്തുമണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പലപ്പോഴും ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടി വരുന്നുണ്ട്. ഇത്തരം ഫ്ളൈറ്റുകളില്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ ധാരാളമാണ്. ഇതു കണക്കിലെടുത്ത് ഈ ഫ്ളൈറ്റുകള്‍ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശം നല്‍കണം.

വിദേശത്തുനിന്ന് പുറപ്പെട്ട് ഡല്‍ഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടിവരുന്ന യാത്രക്കാര്‍ അവിടെ തന്നെ ക്വാറന്‍റൈന്‍ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോള്‍ അവര്‍ വീണ്ടും ക്വാറന്‍റൈനില്‍ പോകണം. ഇത്തരമാളുകളുടെ ക്വാറന്‍റൈന്‍ കാര്യത്തില്‍ പ്രത്യേക മാനദണ്ഡം രൂപീകരിക്കേണ്ടതാണ്. ഫ്ളൈറ്റുകള്‍ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കില്‍, ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറന്‍റൈനില്‍ പോകാനും അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്.

10 മണിക്കൂറിലധികം പറക്കേണ്ടിവരുന്ന ദൂരത്തു നിന്നാണെങ്കില്‍ വലിയ വിമാനങ്ങള്‍ യാത്രക്ക് ഉപയോഗിക്കണം. എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റു കമ്പനികളില്‍ നിന്ന് വിമാനം വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണിക്കണം.

നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരില്‍ ചെറിയ ശതമാനത്തിന് മാത്രമേ വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള ഫ്ളൈറ്റില്‍ വരാന്‍ കഴിയുന്നുള്ളു എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ പല സ്വകാര്യ വിമാന കമ്പനികളും മുന്നോട്ടു വരുന്നത്. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്‍റെ ചാര്‍ജ് വന്ദേഭാരത് മിഷന്‍ ഫ്ളൈറ്റിന്‍റേതിന് സമാനമായി നിശ്ചയിക്കുന്നതിന് ആവശ്യമായ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം. സംസ്ഥാനം തുടക്കം മുതല്‍ ഇത് ആവശ്യപ്പെടുന്നുണ്ട്.

കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം നല്‍കേണ്ടതാവശ്യമാണ്. ജോലി നഷ്ടപ്പെട്ടതോടെ ഇവര്‍ക്ക് ആ രാജ്യങ്ങളില്‍ സാമൂഹ്യ സുരക്ഷയും നഷ്ടമായ സാഹചര്യമാണുള്ളത്.

പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ ഫ്ളൈറ്റുകള്‍, തിരിച്ചു വിദേശത്തേക്ക് പോകുമ്പോള്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യാത്രക്കാരെ എടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിലവിലുള്ള യാത്രാനിരക്ക് കുറയ്ക്കാന്‍ സാധിക്കും. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ഇതു വലിയ ആശ്വാസമാകും.

പ്രവാസികള്‍ വരുമ്പോള്‍ രോഗബാധ ഉള്ളവരും ഇല്ലാത്തവരും വെവ്വേറെ വരണം എന്ന സംസ്ഥാനത്തിന്‍റെ നിലപാട് സംബന്ധിച്ച് പരക്കെ തെറ്റായ പ്രചാരണങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. എംബസ്സികള്‍ ടെസ്റ്റ് നടത്തണം എന്നതിന് ടെസ്റ്റിനായി എല്ലാവരും എംബസ്സികളില്‍ ചെല്ലണം എന്നല്ല അര്‍ത്ഥം. ടെസ്റ്റ് നടത്താന്‍ സാഹചര്യമില്ലാത്തവര്‍ക്ക് എംബസ്സികള്‍ അതിനുള്ള സൗകര്യം ചെയ്യണം എന്നാണ്. തങ്ങള്‍ എംബസ്സിയില്‍നിന്ന് അഞ്ഞൂറും അറുന്നൂറും കിലോമീറ്റര്‍ ദുരെയാണെന്നും ടെസ്റ്റിനുള്ള സാഹചര്യമില്ലെന്നുമടക്കമുള്ള തെറ്റായ പ്രചരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ കഴമ്പില്ലാത്തതാണ്.

കേരളത്തെ ഏറ്റവും സുരക്ഷിത സ്ഥലമായാണ് ആളുകള്‍ വിലയിരുത്തുന്നത്. അത് തുടര്‍ന്ന് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. ലോകത്തിന്‍റെ നാനാഭാഗത്തുള്ള മലയാളികളുടെയും സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണ്. കൊവിഡ് ബാധിച്ചു എന്ന കാരണത്താല്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ല. എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്.

ദുരന്തത്തിനിടയില്‍ ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കാന്‍ മുതിരരുത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ വരുന്ന സമയത്ത് നമ്മുടെ സുരക്ഷയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ചില ശ്രമങ്ങള്‍ ഈ ഘട്ടത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ. പ്രവാസികളെ സംസ്ഥാനം പരിഗണിക്കുന്നില്ലെന്നായിരുന്നു ഒരാരോപണം. പ്രവാസികള്‍ക്കായി ഒരുക്കിയത് മികച്ച സൗകര്യങ്ങളല്ലെന്നതായിരുന്നു മറ്റൊരു പ്രചാരണം. കേവലം തെറ്റിദ്ധാരണ പരത്തല്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കാനുള്ള നീക്കങ്ങളാണുണ്ടായത്.

വിദേശത്ത് നിന്ന് കൊവിഡ് ബാധിതരായി വരുന്നവരെ കണ്ടെത്തുകയും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശം കണ്ടെയിന്‍മെന്‍റ് സോണായി പരിഗണിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കെത്തുന്ന പ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കുന്നത്. പുറത്തുനിന്ന് വരുന്നവരടക്കം ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായൊരിടം എന്നതാണ് സര്‍ക്കാരിന്‍റെ ആഗ്രഹം. എല്ലാവരും കഴിയുന്നതും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it