Kerala

തിരിച്ചടിക്ക് പിന്നാലെ തിരുത്തലിനു സിപിഎം

ശബരിമല വിഷയം പോലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുമ്പോൾ കൂടുതല്‍ ജാഗ്രതയും പരിശോധനയും ആവശ്യമാണെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ നിര്‍ദേശമുണ്ടായി.

തിരിച്ചടിക്ക് പിന്നാലെ തിരുത്തലിനു സിപിഎം
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തിരുത്തലിനു തയ്യാറായി സിപിഎം. ശബരിമല വിഷയം പോലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുമ്പോൾ കൂടുതല്‍ ജാഗ്രതയും പരിശോധനയും ആവശ്യമാണെന്നും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സിപിഎം സംസ്ഥാന സമിതി, സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ നിര്‍ദേശമുണ്ടായി.

ശബരിമല വിഷയത്തില്‍ ബിജെപിയും യുഡിഎഫും സര്‍ക്കാരിനെതിരെ നടത്തിയ പ്രചാരണത്തെ വേണ്ടവിധം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇവരുടെ പ്രചരണം മുന്‍കൂട്ടികണ്ട് ഇടപെടണമായിരുന്നു. ഇതിലെ വീഴ്ച വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്തതിന് കാരണമായെന്നും യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

ജില്ലാ, മണ്ഡലം നേതൃത്വങ്ങള്‍ പ്രചരണ ഘട്ടത്തില്‍ ഇക്കാര്യങ്ങള്‍ മേല്‍ഘടകങ്ങള്‍ക്കു റിപ്പോര്‍ട്ടു ചെയ്തിരുന്നതാണ്. എന്നാല്‍ അതു ഗൗരവത്തിലെടുത്തില്ല. പാര്‍ട്ടി സ്വാധീനമേഖലകളിലെ വോട്ടുചോര്‍ച്ച സംബന്ധിച്ചു ഗൗരവമായ പരിശോധന നടത്താന്‍ വിവിധ സമിതികളെ നിയോഗിക്കാനും തീരുമാനമായി.

പരമ്പരാഗത വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടമായതിനു പിന്നില്‍ ശബരിമലയും ന്യൂൂനപക്ഷ ഏകീകരണവുമാണ്. സുപ്രീം കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ നിയമപരമായ ബാധ്യത ബോധ്യപ്പെടുത്തുന്നതിന് പകരം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ മറ്റു വിഷയങ്ങളിലേക്കു മാറി.

നവോത്ഥാനമൂല്യ സംരക്ഷണം, വനിതാ മതില്‍ എന്നിവയ്‌ക്കെതിരേ എതിര്‍ പാര്‍ട്ടികള്‍ നടത്തിയ പ്രചരണം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷവും ബിജെപിയും നടത്തിയ എതിര്‍പ്രചരണമാണ് വിശ്വാസികളും ഏറ്റെടുത്തത്. കുറേക്കൂടി ജാഗ്രതയോടെ ശബരിമല വിഷയം കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ചില അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ചതായാണ് അറിയുന്നത്.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ രാഷ്ട്രീയ സന്ദേശം നേരത്തെ മനസിലാക്കാന്‍ കഴിഞ്ഞില്ല. രാഹുല്‍ വന്നതോടെ മോദിപ്പേടിയുള്ള മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണം സാധ്യമാകുമെന്നു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ബൂത്തുതലത്തില്‍ വിശദമായ പരിശോധന വേണമെന്നു പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it