Kerala

സന്ദീപ് ബന്ധുവാണെന്ന് പ്രചാരണം; ജനം ടിവിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ്

ജനം ടിവി വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിയന്തരമായി പിന്‍വലിക്കണം. ചാനല്‍ വഴി ടെലികാസ്റ്റ് ചെയ്യുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും.

സന്ദീപ് ബന്ധുവാണെന്ന് പ്രചാരണം; ജനം ടിവിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ്
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായര്‍ ബന്ധുവാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനില്‍കുമാര്‍. വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനം ടിവി വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിയന്തിരമായി പിന്‍വലിക്കണം. ചാനല്‍ വഴി ടെലികാസ്റ്റ് ചെയ്യുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന സ്വര്‍ണ്ണ കള്ളക്കടത്തില്‍ പ്രതിയാക്കപ്പെട്ടവരില്‍ ഒരാള്‍ എന്റെ ബന്ധുവാണെന്നും അയാളുടെ ക്രമവിരുദ്ധമായ ഇടപാടുകളില്‍ എന്നെയും കൂടി ബന്ധിപ്പിക്കുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ കുപ്രചരണം നടത്തുകയാണ്. ഈ കുപ്രചരണം ഇന്ന് ബിജെപി യുടെ ചാനല്‍ ബ്രേക്കിങ് ന്യൂസായി നല്‍കിയിരിക്കുകയാണ്.

30 വര്‍ഷത്തിലേറെയായി സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉള്ളയാളാണ് ഞാന്‍. യാതൊരു വിധ ആരോപണങ്ങള്‍ക്കും ഇടനല്‍കിയിട്ടില്ല, കളങ്കിതരുമായി ഏതെങ്കിലും ബന്ധമോ എനിക്കില്ല. 30 വര്‍ഷത്തെ എന്റെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍, ഇത്തരക്കാരായ ആളുകളുമായി ഒരു വ്യക്തിബന്ധമോ, അവിഹിത ഇടപെടലുകളോ, ബിനാമി ബന്ധങ്ങളോ നാളിതുവരെയായി ആരോപിക്കപ്പെട്ടിട്ടില്ല. അതിനുള്ള അവസരവും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്റെ ഏതെങ്കിലും പ്രവര്‍ത്തിയോ നടപടികളോ ഇതിനനുകൂലമായി ഉണ്ടായെങ്കില്‍ അത് വ്യക്തമാക്കാന്‍ ഈ ദുരാരോപണം ഉന്നയിക്കുന്നവര്‍ തയ്യാറാവണം. അങ്ങനെ എന്തെങ്കിലും തെളിവ് ലഭിക്കുന്നെങ്കില്‍ കേന്ദ്ര ഗവ. നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിക്കും കൊടുക്കാന്‍ ഇവര്‍ തയ്യാറാകണം. തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ, വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത് തീര്‍ത്തും അപലപനീയമാണ്. കസ്റ്റംസ് ഓഫീസറെ വിളിച്ചു പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ബിഎംഎസ് സംസ്ഥാന നേതാവിലേക്കും ബിജെപി തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റിലേക്കും ഒക്കെ അന്വേഷണം നീങ്ങി, ബിജെപി പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിനെ ആക്രമിക്കാന്‍ രാഷ്ട്രീയമായി എന്നെ ബലിയാടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍- അദ്ദേഹം പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ ഭാര്യ, എന്റെ ബന്ധു എന്നത് കാണിച്ചാണ് എനിക്കെതിരെ കുപ്രചരണം നടത്തുന്നത്. സന്ദീപ് നായരുടെ ഭാര്യയുടെ പിതാവ് ശ്രീകണ്ഠന്‍ നായര്‍ നിലവില്‍ ബിഎംഎസ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. അരുവിക്കരയിലെ അറിയപ്പെടുന്ന ആദ്യകാല ബിജെപി നേതാവാണ്. ബി ജെപി കുടുബവുമാണ്. ശ്രീകണ്ഠന്‍ നായരുടെ അനുജന്‍ ആര്‍എസ്എസിന്റെ മണ്ഡല്‍ കാര്യവാഹകും 1992 ഇല്‍ ബാബരി പള്ളി പൊളിച്ചതിലേക്കു നയിച്ച കര്‍സേവയില്‍ പങ്കെടുത്തയാളുമാണ്. അച്ഛനെക്കാള്‍ ബന്ധം മറ്റാര്‍ക്കും വരില്ലെന്ന വസ്തുത മറച്ചുവച്ചുകൊണ്ട് ജനം ടിവി നടത്തുന്ന ഈ പ്രചാരവേല, ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സിന് ചേര്‍ന്ന പ്രവൃത്തിയല്ല എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. സന്ദീപ് നായര്‍ അയാളുടെ രാഷ്ട്രീയം സ്വയം ഫേസ്ബുക് വഴി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം അയാളുടെ അമ്മയും എന്താണ് സന്ദീപിന്റെ രാഷ്ട്രീയം എന്നത് എല്ലാ പത്രക്കാരോടും വ്യക്തമാക്കിയിട്ടുണ്ട്.- സുനിൽ കുമാർ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Next Story

RELATED STORIES

Share it