Kerala

ഇരട്ടവോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കും; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ടവോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബൂത്തില്‍ വോട്ടിനു മുമ്പ് ഒരുവോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇരട്ടവോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കും; കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കും. ഒരുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുക്കാനാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശം. ഇരട്ടവോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബൂത്തില്‍ വോട്ടിനു മുമ്പ് ഒരുവോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ജില്ലാ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണ് ഇരട്ടവോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ് ഓഫിസര്‍മാര്‍ ശ്രദ്ധിക്കണം. ഇരട്ടവോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമെ പോളിങ് ബൂത്തിന് പുറത്തേക്ക് പോവാന്‍ അനുവദിക്കാവൂ. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും വരാണാധികാരികള്‍ക്കും കൈമാറി.

ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇരട്ടവോട്ടുകളുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. 4.34 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്നാണ് ചെന്നിത്തല വൈബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇരട്ടവോട്ടിനെതിരേ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹരജി പരിഗണിച്ച കോടതി ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 38586 ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it