Kerala

മുന്നാക്ക സംവരണം: പ്രക്ഷോഭത്തിനൊരുങ്ങി ദലിത്, ആദിവാസി, പിന്നാക്ക സംഘടനകള്‍

ഭൂ അധികാര സംരക്ഷണ സമിതി, കേരള ദലിത് മഹാസഭ എന്നിവരുടെ നേതൃത്വത്തില്‍ 30 ഓളം സംഘടനകള്‍ സംയുക്തമായാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ മാര്‍ച്ച് ആദ്യം രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ ധാരണയിലെത്തിയതായി ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ ഗീതാനന്ദന്‍, കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി എന്നിവര്‍ തേജസ് ന്യൂസിനോട് പറഞ്ഞു.

മുന്നാക്ക സംവരണം: പ്രക്ഷോഭത്തിനൊരുങ്ങി ദലിത്, ആദിവാസി, പിന്നാക്ക സംഘടനകള്‍
X

കൊച്ചി: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി ദലിത്, ആദിവാസി, പിന്നാക്ക സംഘടനകള്‍. ഭൂ അധികാര സംരക്ഷണ സമിതി, കേരള ദലിത് മഹാസഭ എന്നിവരുടെ നേതൃത്വത്തില്‍ 30 ഓളം സംഘടനകള്‍ സംയുക്തമായാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച് കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ മാര്‍ച്ച് ആദ്യം രാജ്ഭവന്‍ മാര്‍ച്ച് നടത്താന്‍ ധാരണയിലെത്തിയതായി ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ ഗീതാനന്ദന്‍, കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി എസ് മുരളി എന്നിവര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 26ന് കോട്ടയത്ത് ദലിത്, ആദിവാസി, പിന്നാക്ക സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കോട്ടയം ലയണ്‍സ് ക്ലബ്ബില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. ഈ യോഗത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

ജാതിവിഭജിതമായ ഇന്ത്യയില്‍ സാമൂഹികവും വിദ്യാഭ്യാസവുമായി പിന്നോക്കം നില്‍ക്കുന്ന ദലിത്, ആദിവാസി, പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നിലനില്‍ക്കുന്ന വിവേചനം ഇല്ലായ്മചെയ്യാനും സമത്വം ഉറപ്പാക്കാനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന പ്രാതിനിധ്യവും സംവരണവുമാണ് പാര്‍ലമെന്റിലെ നിയമനിര്‍മാണത്തിലൂടെ അട്ടിമറിച്ചിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയഭൂരിപക്ഷ ആശയത്തോടൊപ്പം കോണ്‍ഗ്രസും, സിപിഐ- സിപിഎം പാര്‍ട്ടികളും, ബിഎസ്പി ഉള്‍പ്പടെയുള്ളവരും അണിനിരക്കുന്നതോടെ സംഘപരിവാറിന് ഭരണഘടന അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഭൂരിപക്ഷം കരഗതമായിരിക്കുകയാണ്.

ഭരണഘടനയുടെ അടിസ്ഥാനശില തകര്‍ക്കുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്. പൂനാപാക്ട് ഉടമ്പടിയും ഭരണഘടനാ വകുപ്പുകളും ദുര്‍ബലപ്പെടുത്തപ്പെട്ട സാഹചര്യത്തില്‍ ഡോ.ബി ആര്‍ അംബേദ്കര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാമൂഹ്യജനാധിപത്യസങ്കല്‍പം ഏറ്റെടുത്തുകൊണ്ടുള്ള ഒരു നവരാഷ്ട്രീയപ്രസ്ഥാനത്തിന് തുടക്കം കുറിക്കുക മാത്രമേ രാജ്യത്തെ ദലിത്, ആദിവാസി, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പോംവഴിയുള്ളൂ. സമത്വത്തിന് വേണ്ടിയുള്ള ഭരണഘടനാ അവകാശത്തിന് പാര്‍ലമെന്റില്‍ വോട്ടുചെയ്ത മൂന്ന് അംഗങ്ങളുടെ ശബ്ദം മര്‍ദിതവര്‍ഗങ്ങള്‍ക്ക് പ്രചോദനമേകുന്നതാണ്. പ്രാതിനിധ്യ, ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോവുക എന്നതാണ് പാര്‍ശ്വവത്കൃതരുടെ മുന്നിലെ പോംവഴിയെന്നും ഇവര്‍ പറഞ്ഞു.






Next Story

RELATED STORIES

Share it