Kerala

ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്റില്‍

മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് റിമാന്റു ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലിസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും

ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാപിതാക്കളും റിമാന്റില്‍
X

കൊച്ചി:ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവും മാതാപിതാക്കളും റിമാന്റില്‍.മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃ പിതാവ് യൂസഫ് (63) എന്നിവരെയാണ് റിമാന്റു ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലിസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.ഐപിസി 304 (ബി), 498 (എ), 306, 34 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ആലുവ പോലിസ് പറഞ്ഞു. ആലുവ ഡിവൈഎസ്പി പി കെ ശിവന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ആലുവ സി ഐക്കെതിരെയും ഭര്‍ത്താവ് സുഹൈലിന്റെ വീട്ടുകാര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മോഫിയ കുറിപ്പ് എഴുതി വെച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.ഇതേ തുടര്‍ന്ന് സി ഐ യെ സസ്‌പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അടക്കം വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി പ്രതിഷേധം നടന്നു വരികയാണ്.തുടര്‍ന്ന് കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പിക്ക് കൈമാറുകയും സി ഐയെ സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ സി ഐ യെ സസ്‌പെന്റു ചെയ്യണമെന്ന നിലപാടിലാണ് രാഷ്ട്രീയ പാര്‍ടികളും മോഫിയുടെ കുടുംബവും.

സി ഐ യെ സസ്‌പെന്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്,ബെന്നിബഹനാന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലിസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിപ്പു സമരം തുടരുകയാണ്.സി ഐയെ സസ്‌പെന്റു ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇന്ന് പോലിസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.ഇതിനിടയില്‍ സി ഐ സുധീറിന് മോഫിയ നല്‍കിയ പരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന വിധത്തിലുള്ള അന്വേഷ റിപോര്‍ട്ടാണ് തയ്യാറായിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.റിപോര്‍ട്ട് ഇന്ന് എസ് പി ക്കു സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it