Kerala

സംസ്ഥാനത്ത് ശുദ്ധജല മല്‍സ്യ കൃഷി പ്രോല്‍സാഹിക്കും: മന്ത്രി സജി ചെറിയാന്‍

മല്‍സ്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം.വെള്ളമുള്ളടത്തെല്ലാം മല്‍സ്യകൃഷി നടത്തണം. അതിന് അനുയോജ്യമായ കോഴ്‌സുകള്‍ ഫിഷറിസ് സര്‍വ്വകലാശാലയില്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു

സംസ്ഥാനത്ത് ശുദ്ധജല മല്‍സ്യ കൃഷി പ്രോല്‍സാഹിക്കും: മന്ത്രി സജി ചെറിയാന്‍
X

കൊച്ചി: രാജ്യത്ത് എറ്റവും വിഷമയമായ മല്‍സ്യം വില്‍ക്കുന്ന സംസ്ഥാനങ്ങളിള്‍ ഒന്നാണ് കേരളമെന്ന് സംസ്ഥാന ഫിഷറിസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ സ്ഥിതി മാറേണ്ടടുതുണ്ട്. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഫിഷറിസ് വകുപ്പും പ്രതിജ്ഞാബദ്ധമാണെന്ന് സജി ചെറിയാന്‍ പറഞ്ഞു.ഫിഷറീസ് സയന്‍സില്‍ പഠനവും പരിശീലനവും നേടുന്നവര്‍ക്ക് ദേശിയ-അന്തര്‍ദേശിയ തലങ്ങളില്‍ വ്യവസായരംഗത്തും ഗവേഷണ മേഖഖലയിലും ലഭിക്കുന്ന തൊഴില്‍-തുടര്‍പഠന അവസരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവ് നല്‍കുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്)സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറിന്റെ പ്‌ളീനറി സെക്ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മല്‍സ്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം.ശുദ്ധമായ മല്‍സ്യം ജനങ്ങള്‍ക്ക് എത്തിക്കാന്‍ സംസ്ഥാനത്ത് ശുദ്ധജല മല്‍സ്യ കൃഷി പ്രോല്‍സാഹിപ്പിക്കണം. വെള്ളമുള്ളടേത്തെല്ലാം മല്‍സ്യകൃഷി നടത്തണം. അതിന് അനുയോജ്യമായ കോഴ്‌സുകള്‍ ഫിഷറിസ് സര്‍വ്വകലാശാലയില്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മനുഷ്യനിര്‍മ്മിത കുളങ്ങളിലും ജലാശയങ്ങളിലും മല്‍സ്യം ശാസ്ത്രീയമായി വളര്‍ത്തുന്ന അക്വാകള്‍ച്ചര്‍ ശാസ്ത്രശാഖക്ക് പ്രാമുഖ്യം നല്‍കി വേണം ഫിഷറീസ് സയന്‍സ് പഠന രംഗം മുന്നോട്ട് പോകേണ്ടത് എന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ അഭിപ്രായപ്പെട്ടു. അതു പോലെ ശാസ്ത്രീയ മല്‍സ്യ സംസ്‌കരണത്തിനും ശാസ്ത്രീയമായ ഫിഷറീസ് മാനേജ്‌മെന്റിനും ഊന്നല്‍ നല്‍കണം.ഫിഷറീസ് വിദ്യാഭ്യാസ വിദഗ്ദനും കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടറുമായ ഡോ.മോഹന്‍ ജോസഫ് മോടയില്‍ സെമിനാറില്‍ മോഡറേററായിരുന്നു.

ഇന്ത്യയിലെ ഫിഷറീസ് പഠന ഗവേഷണ സാദ്ധ്യതകളെ പറ്റി ഡോ.രമണ്‍കുമാര്‍ ത്രിവേദിയും ( ബീഹാര്‍ അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി) ആസ്‌ട്രേലിയയിലെ ഫിഷറീസ് അവസരങ്ങളെ കുറിച്ച് പ്രഫ. റോയി പാമറും (അക്വാകള്‍ച്ചര്‍ വിത്ത് ഔട്ട് ഫ്രന്റിയഴ്‌സ്, ആസ് ട്രേലിയ), ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ അവസരങ്ങളെ കുറിച്ച് ഡോ.കെ ആര്‍ സലിനും (എഐടിബാങ്കോക്ക്) യൂറോപ്പിലെ അവസരങ്ങളെ കുറിച്ച് ഡോ. സോനോ വിന്‍സെന്‍സോയും ( സാലന്റോ യൂനിവേഴ്‌സിറ്റി, ഇറ്റലി) സെമിനാറില്‍ സംസാരിച്ചു.

ഫിഷറീസ് ഗവേഷണ മേഖലയിലെ സാധ്യതകളെ കുറിച്ച് ഡോ.സി എന്‍ രവിശങ്കറും (ഡയറക്ടര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി), തമിഴ് നാട്, ഫിഷറീസ് പഠന മേഖലയില്‍ നടപ്പിലാക്കിയ നവീന ആശയങ്ങളെ കുറിച്ച് ഡോ.ജി ജയശേഖരനും (തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി), ഓണ്‍ലൈന്‍ മോഡിലെ ഫിഷറീസ് വിദ്യാഭ്യാസത്തെ കുറിച്ച് ഡോ.പി കൃഷ്ണനും ( എന്‍എഎആര്‍എം, ഹൈദരാബാദ്) സെമിനാറില്‍ വിശദമാക്കി. പ്രഫഷണല്‍ ഫിഷറീസ് വിദ്യാഭ്യാസവും വ്യവസായ രംഗത്തെ സാധ്യതകളും എന്ന വിഷയം അലക്‌സ് നൈനാനും (ബേബി മറൈന്‍ ഗ്രൂപ്പ്, കൊച്ചി), കേരളത്തിലെ അക്വാകള്‍ച്ചര്‍ മേഖലയില്‍ ഫിഷറീസ് പ്രഫഷണലുകള്‍ക്കുള്ള സാധ്യതകളെ കുറിച്ച് ടി പുരുക്ഷോത്തമയും ( ചെയര്‍മാന്‍, ആഡ്‌കോസ്, പയ്യന്നൂര്‍)സര്‍ക്കാര്‍ മേഖലയിലെ അവസരങ്ങളെ കുറിച്ച് ഇഗ്‌നേഷ്യസ് മണ്‍റോയും ( ഫിഷറിസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍) സംസാരിച്ചു. കുഫോസ് രജിസ് ട്രാര്‍ ഡോ.ബി മനോജ് കുമാര്‍, അക്വാകള്‍ച്ചര്‍ വിഭാഗം മേധാവി ഡോ ദിനേശ് കൈപ്പിള്ളി, സെമിനാര്‍ കണ്‍വീനര്‍ എസ് സുലൈമാന്‍ എന്നിവരും സെമിനാറില്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it