Kerala

നിര്‍മ്മാണം പൂര്‍ത്തിയായി; പാലാരിവട്ടം മേല്‍പ്പാലം നാളെ തുറന്നു കൊടുക്കും

നാളെ വൈകുന്നേരം നാലിനായിരിക്കും പാലം തുറക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങകള്‍ ഇല്ലാതെയായിരിക്കും പാലം തുറക്കുക.പാലം തുറന്നതിനു ശേഷം മന്ത്രി ജി സുധാകരനും പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിക്കും

നിര്‍മ്മാണം പൂര്‍ത്തിയായി; പാലാരിവട്ടം മേല്‍പ്പാലം നാളെ തുറന്നു കൊടുക്കും
X

കൊച്ചി: പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം നാളെ ഗതാഗത്തിനായി തുറന്നു കൊടുക്കും.നാളെ വൈകുന്നേരം നാലിനായിരിക്കും പാലം തുറക്കുക. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങകള്‍ ഇല്ലാതെയായിരിക്കും പാലം തുറക്കുക.പാലം തുറന്നതിനു ശേഷം മന്ത്രി ജി സുധാകരനും പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിക്കും.മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 47.70 കോടി രൂപ എസ്റ്റിമേറ്റിലാണ് പാലാരിവട്ടം മേല്‍പ്പാലം ആദ്യം നിര്‍മ്മിച്ചിരുന്നത്.എന്നാല്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് അപകടവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് പാലം അടച്ചിട്ടു.പിന്നീട് ഐഐടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പാലം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനിടയില്‍ പാലം നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അനേഷണത്തില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടി ടി ഒ സൂരജ്, കരാറെടുത്തിരുന്ന ആര്‍ഡിഎസ് പ്രോജക്ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയല്‍, കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയുടെ ജനറല്‍ മാനേജറായിരുന്ന ബെന്നി പോള്‍, നിര്‍മാണ മേല്‍നോട്ടചുമതലയുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്‌കോര്‍പറേഷന്‍(ആര്‍ബിഡിസികെ) അഡീഷണല്‍ ജനറല്‍ മാനേജരായിരുന്ന എം ഡി തങ്കച്ചന്‍ എന്നിവരെ 2019 ആഗസ്ത് 30 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ അഞ്ചാം പ്രതിയായിരുന്ന മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.ഇവര്‍ എല്ലാവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയായിരുന്നു പാലം പുനര്‍ നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്തത്.22.68 കോടി രൂപയായിരുന്നു പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയിരുന്നത് എട്ടുമാസമായിരന്നു പുനര്‍ നിര്‍മ്മാണത്തിന് നല്‍കിയിരുന്നെങ്കിലും അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.തുടര്‍ന്ന് പാലത്തില്‍ നടത്തിയ ഭാരപരിശോധനയും വിജയകരമായിരുന്നു.പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റും ഈ മാസം നാലിന് ഡിഎംആര്‍സി പൊതുമരാമത്ത് വകുപ്പിന് കൈമാറി.ഇതേ തുടര്‍ന്നാണ് ഈ മാസം ഏഴിന് പാലം തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പോലെ തന്നെ 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പുനര്‍നിര്‍മ്മാണം നടത്തിയ പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് 7 ന് തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it