Kerala

തങ്കളം - കാക്കനാട് നാലുവരിപ്പാത നിര്‍മ്മാണം:തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി നഗരത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന പദ്ധതിയാണ് തങ്കളം - കാക്കനാട് റോഡ്. 1082 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കിഫ്ബി പദ്ധതിയാണിത്. 12 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. വൈറ്റില ദേശീയപാത ബൈപ്പാസിനെയും എം ജി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്

തങ്കളം - കാക്കനാട് നാലുവരിപ്പാത നിര്‍മ്മാണം:തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ , തൃക്കാക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തങ്കളം - കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗം ഈ മാസം തന്നെ ചേരുമെന്ന് മന്ത്രി അറിയിച്ചു.

തങ്കളം - കാക്കനാട് ബൈപ്പാസിന്റെ കാക്കനാട് മനയ്ക്കക്കടവ് ഭാഗം സന്ദര്‍ശിച്ച ശേഷം പട്ടിമറ്റം റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പരിഗണിച്ച് ഓണ്‍ലൈനായോ നേരിട്ടോ യോഗം സംഘടിപ്പിക്കും. തങ്കളം - കാക്കനാട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ അടക്കുള്ള തടസങ്ങള്‍ നീക്കി പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. കൊച്ചി നഗരത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുന്ന പദ്ധതിയാണ് തങ്കളം - കാക്കനാട് റോഡ്. 1082 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കിഫ്ബി പദ്ധതിയാണിത്. 12 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

വൈറ്റില ദേശീയപാത ബൈപ്പാസിനെയും എം ജി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. കാക്കനാടിനെ എറണാകുളം നഗരവുമായി കൂടുതല്‍ സൗകര്യത്തില്‍ ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. ഇടപ്പള്ളി, പാലാരിവട്ടം, വാഴക്കാല, പൈപ്പ് ലൈന്‍ റോഡുകളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.കുന്നത്തനാട്, കോതമംഗലം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പ്രധാന റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുവാറ്റുപുഴ, കളമശേരി മണ്ഡലങ്ങളിലെ റോഡുകളുടെ നിര്‍മ്മാണവും വേഗത്തിലാക്കും. എറണാകുളം നഗരത്തിലെ തടസങ്ങള്‍ നീക്കുക മാത്രമല്ല നഗരത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യം. കേരളത്തിനാകെ ഗുണമുണ്ടാകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it