Kerala

ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാന്‍ കരുത്താകുന്നത് ആര്‍ദ്രം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാന്‍ ആര്‍ദ്രം മിഷന്‍ വഴി സാധിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ് കേരളത്തിലെ ആരോഗ്യ മേഖല

ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാന്‍ കരുത്താകുന്നത് ആര്‍ദ്രം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍
X

കൊച്ചി: ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തു നല്‍കുന്നത് ആര്‍ദ്രം മിഷന്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇടപ്പള്ളിയിലെ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറിന്റെയും ജില്ലയിലെ മങ്ങാട്ടുമുക്ക്, കടവന്ത്ര നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യകേന്ദ്രങ്ങളായും തൈക്കാവ്, പിണര്‍മുണ്ട, ഉളിയന്നൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായും ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാന്‍ ആര്‍ദ്രം മിഷന്‍ വഴി സാധിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ് കേരളത്തിലെ ആരോഗ്യ മേഖല. ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ നമുക്ക് ഈ പുരോഗമന പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി 25 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 50 ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് പദ്ധതി തയ്യാറാക്കിയത്.

അതില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി ഇപ്പോള്‍ ഉയര്‍ത്തുന്നത്. വിദഗ്ധ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവില്‍ വിവിധ സബ് സെന്ററുകള്‍ ഹെല്‍ത്ത്‌കെയര്‍ വെല്‍നെസ് സെന്ററുകള്‍ ആക്കി മാറ്റുകയാണ്. ഇത്തരത്തില്‍ 28 സെന്ററുകള്‍ ആണ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് ചികില്‍സയ്‌ക്കൊപ്പം കൊവിഡ് ഇതര രോഗചികില്‍സയ്ക്കും മുന്‍ഗണന നല്‍കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികളും അതിവേഗം നടപ്പാക്കുകയാണ്.റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോര്‍, കടവന്ത്ര, മങ്ങാട്ടുമുക്ക് നഗരകുടുംബാരോഗ്യകേന്ദ്രങ്ങള്‍, തൈക്കാവ്, പിണര്‍മുണ്ട, ഉളിയന്നൂര്‍ ഹെല്‍ത്ത് ആന്‍ വെല്‍നെസ്സ് സെന്ററുകള്‍ എന്നിവയാണ് ജില്ലയില്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട പദ്ധതികള്‍. ഇടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിനോട് ചേര്‍ന്നാണ് എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. 499 സ്‌ക്വയര്‍ മീറ്ററുള്ള സ്‌റ്റോറിന്റെ നിര്‍മ്മാണത്തിനായി 3.66 കോടി രൂപയാണ് അടങ്കല്‍ തുക. എറണാകുളം ജില്ലക്ക് പുറമെ, തൃശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് കൂടിയുള്ള വാക്‌സിനുകള്‍ ഇടപ്പള്ളിയിലെ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോറിലാണ് സൂക്ഷിക്കുക. ഇവിടെനിന്നും ജില്ലാ വാക്‌സിന്‍ സ്‌റ്റോറിലേക്കും അവിടെ നിന്നും താഴെത്തട്ടിലേക്കും വിതരണം ചെയ്യും.

സംസ്ഥാനത്തുതന്നെ എറ്റവും വലിയ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോറാണ് ഇടപ്പള്ളിയിലുള്ളത്. വാക്കിംഗ് കൂളര്‍, വാക്കിംഗ് ഫ്രീസര്‍, ലോജിസ്റ്റിക്, കോള്‍ഡ് ചെയിന്‍ വര്‍ക്ക്‌ഷോപ്പ് എന്നിവക്കുള്ള സൗകര്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഹൈറ്റ്‌സാണ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.തൈക്കാവ്, പിണര്‍മുണ്ട, ഉളിയന്നൂര്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് ഓരോ കേന്ദ്രങ്ങള്‍ക്കും ശരാശരി ദേശീയ ആരോഗ്യദൗത്യം മുഖേന 7 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കടവന്ത്ര, മങ്ങാട്ടുമുക്ക് ആരോഗ്യകേന്ദ്രങ്ങളെയാണ് നഗരകുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരിക്കുന്നത്.

കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളായി മാറുന്നതോടെ ഇവിടങ്ങളില്‍ പോഷകാഹാരക്ലിനിക്, പ്രായമായവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍, കുഞ്ഞുങ്ങളുടെ വളര്‍ച്ചാ പരിശോധന, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗ പരിശോധന, ഗര്‍ഭിണികള്‍ക്കു പരിശോധനകള്‍, കൗമാരക്കാര്‍ക്കുള്ള പരിശോധനകള്‍ തുടങ്ങിയ സേവനങ്ങള്‍ കൂടി ലഭ്യമാകും. ഇതിനായി നിലവിലുള്ള ഒരു ജെ പി എച്ച് എന്‍, ജെ എച്ച് ഐ എന്നിവര്‍ക്ക് പുറമെ ഒരു സ്റ്റാഫ് നേഴ്‌സിനെ കൂടി നിയമിച്ചിട്ടുണ്ട്.ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററില്‍ കാത്തിരിപ്പ് മുറി, ക്ലിനിക്ക്, പ്രതിരോധകുത്തിവെയ്പ് മുറി, ഭക്ഷണം നല്‍കാനുള്ള മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. സില്‍ക്കാണ് നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

രോഗീസൗഹൃദമായ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ലാബ്, ഫാര്‍മസി, കാത്തിരിപ്പ് സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കടവന്ത്ര നഗരകുടുംബാരോഗ്യകേന്ദ്രത്തിന് 11.43 ലക്ഷം രൂപയും മങ്ങാട്ടുമുക്ക് നഗരകുടുംബാരോഗ്യകേന്ദ്രത്തിന് 11.53 ലക്ഷം രൂപയുമാണ് പ്രവൃത്തികള്‍ക്കായി ചെലവഴിച്ചത്. കോസ്റ്റ് ഫോര്‍ഡാണ് പ്രവൃത്തികള്‍ നടത്തിയത്.ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇടപ്പള്ളി റീജ്യണല്‍ വാക്‌സിന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, പി ടി തോമസ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ദീപ വര്‍മ്മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കട്ടപ്പന്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, അഡീഷണല്‍ ഡി എം ഒ ഡോ. എസ് ശ്രീദേവി, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ് പങ്കെടുത്തു.

Next Story

RELATED STORIES

Share it