Kerala

മയക്കുമരുന്ന് വേട്ട: എക്‌സൈസിലും ക്രൈംബ്രാഞ്ച് രൂപീകരിക്കും

ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ക്രൈംബ്രാഞ്ച്.

മയക്കുമരുന്ന് വേട്ട: എക്‌സൈസിലും ക്രൈംബ്രാഞ്ച് രൂപീകരിക്കും
X

തിരുവനന്തപുരം: മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിനും ഇത്തരം കേസുകളിലെ തുടരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ക്രൈംബ്രാഞ്ച്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ വിപണനം തടയാന്‍ കര്‍ശനനടപടി സ്വീകരിക്കും.

എന്‍ഫോഴ്‌സ്‌മെന്റില്‍ എക്‌സൈസ് സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2019 മെയ് 31 വരെ 18,868 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 53,753 അബ്കാരി കേസുകളും 2,15,516 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. മെയ് 31 വരെ 31 കിലോ എംഡിഎംഎ, 118 കിലോ ഹഷീഷ് ഓയില്‍ എന്നിവ ഉള്‍പ്പെടെ വലിയ അളവ് മയക്കുമരുന്നുകള്‍ പിടികൂടി.

ബംഗളൂരുവില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഹഷീഷ് ഓയില്‍ ഉള്‍പ്പെടെ 20 കോടി രൂപയുടെ മയക്കുമരുന്നുകള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് എക്‌സൈസ് പിടിച്ചെടുത്തു. എക്‌സൈസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ പുതുതായി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇത് പിടിച്ചെടുത്തത്. നിലവിലുള്ള മൂന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ക്കു പുറമെയാണ് ഈ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്.

വിമുക്തിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. എക്‌സൈസിനെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. മുന്‍സര്‍ക്കാരിന്റെ അഞ്ചുവര്‍ഷകാലയളവില്‍ 11 കോടി രൂപയാണ് എക്‌സൈസിന് പദ്ധതിവിഹിതമായി അനുവദിച്ചത്. ഈ ഗവണ്‍മെന്റ് ഇതിനകം 41.52 കോടി രൂപ പദ്ധതിവിഹിതമായി അനുവദിച്ചുകഴിഞ്ഞു.

Next Story

RELATED STORIES

Share it