Kerala

തമിഴ്‌നാട്ടിലെ വ്യാജ എന്‍സിസി ക്യാംപ് പീഡനക്കേസ്; പ്രതി ജീവനൊടുക്കി

തമിഴ്‌നാട്ടിലെ വ്യാജ എന്‍സിസി ക്യാംപ് പീഡനക്കേസ്; പ്രതി ജീവനൊടുക്കി
X

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ യുവ പാര്‍ട്ടി നേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴര്‍ കക്ഷി നേതാവായിരുന്ന ശിവരാമന്‍ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പോലിസ് അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ എലിവിഷം കഴിച്ചിരുന്നെന്നും, അറിഞ്ഞപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെന്നും എസ്പി പ്രതികരിച്ചു.

വ്യാജ എന്‍സിസി ക്യാംപില്‍ 13 പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കേസില്‍ 11 പേര്‍ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളില്‍ വച്ച് നടന്ന വ്യാജ എന്‍സിസി ക്യാംപില്‍ വച്ചാണ് അതിക്രമം നടന്നത്. സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ക്യാംപില്‍ വച്ചായിരുന്നു അതിക്രമം. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 17 പെണ്‍കുട്ടികള്‍ അടക്കം 41 വിദ്യാര്‍ത്ഥികളാണ് ക്യാംപില്‍ പങ്കെടുത്തത്. ക്യാംപിലുണ്ടായ അതിക്രമത്തെക്കുറിച്ച് വീട്ടിലെത്തിയ ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്. സംഭവത്തെക്കുറിച്ച് അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നുവെങ്കിലും മറച്ച് വയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായാണ് കൃഷ്ണഗിരി ഡിഎസ്പി പി തംഗദുരൈ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്‍സിസി യൂണിറ്റില്ലാത്ത സ്‌കൂളില്‍ വച്ച് ക്യാംപ് നടത്തിയാല്‍ യൂണിറ്റ് അനുവദിക്കുമെന്നാണ് ക്യാംപ് സംഘാടകര്‍ സ്‌കൂള്‍ അധികൃതരെ ബോധിപ്പിച്ചിരുന്നത്. സംഘാടകരെക്കുറിച്ചുള്ള പശ്ചാത്തല പരിശോധനകള്‍ പോലും നടത്താതെയാണ് ക്യാംപ് നടത്താന്‍ അനുമതി നല്‍കിയതെന്നാണ് പോലിസ് വിശദമാക്കിയത്.




Next Story

RELATED STORIES

Share it