Kerala

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്‍മനാട്ടിലെത്തിക്കും; രണ്ടുദിവസം പൊതുദര്‍ശനം

ഉച്ചയ്ക്ക് 12.30ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍നിന്ന് തോമസ് ചാണ്ടിയുടെ ഭൗതികശരീരം എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഇടപ്പള്ളി, പാലാരിവട്ടംവഴി ദേശീയപാതയിലൂടെ ആലപ്പുഴയിലെത്തിക്കും.

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്‍മനാട്ടിലെത്തിക്കും; രണ്ടുദിവസം പൊതുദര്‍ശനം
X

ആലപ്പുഴ: മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്‍മനാടായ ആലപ്പുഴയിലെത്തിക്കും. ഉച്ചയ്ക്ക് 12.30ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍നിന്ന് തോമസ് ചാണ്ടിയുടെ ഭൗതികശരീരം എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഇടപ്പള്ളി, പാലാരിവട്ടംവഴി ദേശീയപാതയിലൂടെ ആലപ്പുഴയിലെത്തിക്കും. രണ്ടുദിവസമാണ് പൊതുദര്‍ശനം. വൈകീട്ട് മൂന്നുമണി മുതല്‍ അഞ്ചുവരെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വൈകീട്ട് ആറിന് കുട്ടനാട് ചേന്നങ്കരിയിലെ വീട്ടിലേക്ക് കൊണ്ടുപോവും.

6.30 മുതല്‍ നാളെ ഉച്ചയ്ക്കു 12 വരെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. തുടര്‍ന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍. 2.30ന് ചേന്നങ്കരി സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്‌കാരം. 3ന് പള്ളിയില്‍ അനുശോചനയോഗം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍, മകള്‍ സുപ്രിയ സുലെ എംപി, മഹാരാഷ്ട്രയില്‍നിന്നുള്ള എന്‍സിപി മന്ത്രിമാര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. അര്‍ബുദബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്.

പിണറായി മന്ത്രിസഭയില്‍ ഏഴുമാസക്കാലം ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി. എറണാകുളം കടവന്ത്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികില്‍സയ്ക്കായി ആശുപത്രിയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it