Kerala

കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടെ ബന്ധുക്കള്‍ക്ക് പോറ്റിവളര്‍ത്താന്‍ പദ്ധതി

ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളില്‍ 25,484 കുട്ടികളാണ് താമസിച്ചു വരുന്നത്. സ്ഥാപനത്തില്‍ നില്‍ക്കുന്ന മിക്ക കുട്ടികള്‍ക്കും ബന്ധുക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹം. എന്നാല്‍, സാമ്പത്തികമായി അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് മിക്ക കുട്ടികളുടേയും ബന്ധുക്കള്‍.

കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടെ ബന്ധുക്കള്‍ക്ക് പോറ്റിവളര്‍ത്താന്‍ പദ്ധതി
X

തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റിവളര്‍ത്താന്‍ കഴിയുന്ന കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യഘട്ടമായി 84 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.

ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളില്‍ 25,484 കുട്ടികളാണ് താമസിച്ചുവരുന്നത്. സ്ഥാപനത്തില്‍ നില്‍ക്കുന്ന മിക്ക കുട്ടികള്‍ക്കും ബന്ധുക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ സാമ്പത്തികമായി അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് മിക്ക കുട്ടികളുടേയും ബന്ധുക്കള്‍. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് മിക്കവരും കുട്ടികളെ ഏറ്റെടുക്കാന്‍ മടിക്കുന്നത്. ഈയൊരു സാഹചര്യം മുന്‍ നിര്‍ത്തിയാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് ഈ സര്‍ക്കാര്‍ രൂപം നല്‍കിയത്. കുട്ടിയുമായി അടുപ്പമുള്ള ബന്ധുക്കള്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന സാഹചര്യത്തില്‍ ഒരു നിശ്ചിത തുക മാസംതോറും നല്‍കിയാല്‍ കുട്ടികളുടെ സ്ഥാപന വാസം കുറയ്ക്കാനും അതിലൂടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പോറ്റിവളര്‍ത്തല്‍ (Foster Care) രീതിയെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി 2017ല്‍ തുടങ്ങിയ പദ്ധതിയാണ് സനാഥനബാല്യം. വ്യക്തിഗത പോറ്റിവളര്‍ത്തല്‍ (Individual Foster Care), ഒന്നിലധികം കുട്ടികളെ പോറ്റി വളര്‍ത്തല്‍ (Group, Foster Care), അവധിക്കാല പരിപാലനം (Vacation Foster Care), ബന്ധുക്കളുടെ കൂടെ (Kinship Foster Care), ഇടക്കാല പോറ്റി വളര്‍ത്തല്‍ (Respite Foster Care) എന്നിങ്ങനെ 5 തരം പോറ്റിവളര്‍ത്തല്‍ സംവിധാനമാണുള്ളത്. ഇതില്‍ ആദ്യത്തെ നാല് തരം പോറ്റി വളര്‍ത്തലുകളിലും പ്രാഥമികമായി ഹ്രസ്വകാലത്തേയ്ക്കും പിന്നീട് പരിശോധിച്ച് വേണമെങ്കില്‍ ദീര്‍ഘകാലത്തേയ്ക്കും കുട്ടികളെ മറ്റ് കുടുംബങ്ങളില്‍ പാര്‍പ്പിക്കാറുണ്ട്. ഇതിലെ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയാണ് പൈലറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ആരംഭിക്കുന്നതിനായി തുക അനുവദിച്ചത്.

ബന്ധുക്കളുടെ മുഴുവന്‍ സമയ പരിചരണത്തിനുള്ള ഒരു ക്രമീകരണമാണ് കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയറിലൂടെ വനിത ശിശുവികസന വകുപ്പ് ഒരുക്കുന്നത്. കുട്ടിയുമായി അടുത്ത ബന്ധമുള്ള മുത്തശ്ശി-മുത്തച്ഛന്‍മാര്‍, അമ്മാവന്മാര്‍, അമ്മായിമാര്‍ അല്ലെങ്കില്‍ കുട്ടികളല്ലാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കും ഈ പദ്ധതിയിലൂടെ കുട്ടികളെ ഏറ്റെടുക്കാം. കുട്ടികളെ നന്നായി പോറ്റി വളര്‍ത്തുന്നതിനായാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നത്. ബന്ധുക്കളോടൊപ്പം താമസിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും.

ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലൂടെയുമാണ് കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. തയ്യാറാവുന്ന ബന്ധുക്കളുടെ അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് സ്വീകരിക്കുന്നു. ശരിയായ രക്ഷിതാക്കള്‍ ഉള്ള കുട്ടികളാണെങ്കില്‍ അവരെ പ്രത്യേകം കൗണ്‍സിലിങിന് വിധേയമാക്കി അപേക്ഷയ്ക്ക് മേല്‍ പ്രത്യേക അന്വേഷണവും നടത്തിയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്.

ജില്ലയിലെ സ്പോണ്‍സര്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ അഡോപ്ഷന്‍ കമ്മിറ്റിയുടേയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേയും ഉത്തരവിന്റേയും മറ്റ് രേഖകളുടേയും അടിസ്ഥാനത്തില്‍ സ്പോണ്‍സര്‍ഷിപ്പ് ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റിയാണ് എത്ര തുക മാസം തോറും നല്‍കണമെന്ന് തീരുമാനിക്കുന്നത്. കുട്ടിയുടെയും വളര്‍ത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേയ്ക്കാണ് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ തുക നിക്ഷേപിക്കുന്നത്. 3 മാസത്തിലൊരിക്കല്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് വീട്ടിലും നാട്ടിലും എത്തി അന്വേഷണം നടത്തുകയും തുക കുട്ടിയുടെ കാര്യത്തിനു തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ കുട്ടികളുടെ പഠനവും ജീവിതവും 4 മാസത്തിലൊരിക്കല്‍ പ്രത്യേക യോഗം വിളിച്ച് അവലോകനം നടത്തും. ഒരു ജില്ലയില്‍ 25 കുട്ടികളെന്ന രീതിയിലാണ് പദ്ധതി പ്രാരംഭ ഘട്ടത്തില്‍ ആരംഭിക്കുന്നത്. പദ്ധതി വിജയമെന്നു കണ്ടാല്‍ കൂടുതല്‍ വ്യാപിപ്പിക്കും.

Next Story

RELATED STORIES

Share it