Kerala

സ്വർണ്ണക്കടത്ത്: പിന്നിൽ വിപുലമായ റാക്കറ്റ്; കൂടുതൽ പേർ കുടുങ്ങും

സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ ഐടി വകുപ്പിന് നേരിട്ട് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിയുന്നു.

സ്വർണ്ണക്കടത്ത്: പിന്നിൽ വിപുലമായ റാക്കറ്റ്; കൂടുതൽ പേർ കുടുങ്ങും
X

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്ന് സൂചന. വിപുലമായ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. ഒളിവിലുള്ള മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ ഇവർ സമീപിച്ചുവെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ട്. അതിനിടെ കേസിൻ്റെ ആദ്യഘട്ടങ്ങളിലെ വിവരം കസ്റ്റംസ് എൻഐഎക്ക് കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തേടിയതോടെ കൊച്ചിയിൽ കസ്റ്റംസ് അടിയന്തര യോഗം ചേരുകയാണ്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വർണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതൽ സന്ദീപ് ഒളിവിലാണ്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.

കേസിലെ മുഖ്യകണ്ണിയായ സ്വപ്നയെ കണ്ടെത്താൻ വിപുലമായ പരിശോധനകൾ നടത്തിയിരുന്നു. അമ്പലമുക്കിലെ ഫ്ലാറ്റിൽ ഏതാണ്ട് ആറ് മണിക്കൂർ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെൻഡ്രൈവും ലാപ്ടോപ്പും കണ്ടെത്തിയിരുന്നു. സ്വപ്ന താമസിക്കുന്നുണ്ടെന്ന സൂചനയിൽ തലസ്ഥാനത്തെ ചില ഹോട്ടലുകളിലും പരിശോധന നടത്തി. ഇതിനിടെയാണ് സ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടുവെന്ന വിവരം പുറത്തു വരുന്നത്.

കാർബൺ ഡോക്ടർ എന്ന വർക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. വർക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു. നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു.

അതിനിടെ സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ ഐടി വകുപ്പിന് നേരിട്ട് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിയുന്നു. വിഷൻ ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വപ്നയെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് പരിചയപ്പെടുത്തിയത് ഐടി വകുപ്പാണെന്നാണ് കഴിഞ്ഞദിവസം മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്.

Next Story

RELATED STORIES

Share it