Kerala

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ് ഡിപിഐ

സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ച് തെളിവുകള്‍ നശിപ്പിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നുമുള്ള വ്യാമോഹം പിണറായി വിജയന്‍ ഉപേക്ഷിക്കണം. എല്ലാം സുതാര്യമാണെന്ന് പറയുന്ന മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കസ്റ്റംസിനു മുമ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിനാണ് ഒളിപ്പിച്ചുവച്ചത്.

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ് ഡിപിഐ
X

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ കോടികളുടെ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും സെക്രട്ടേറിയറ്റിലും അന്വേഷണസംഘം കടന്നുചെന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. നാളിതുവരെ അവര്‍ അവകാശപ്പെടുന്ന രാഷ്ട്രീയധാര്‍മികതയുടെയും അവര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും പരാജയം കൂടിയാണ് ഇവിടെ വെളിവാകുന്നത്.

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുള്ള ആളുകള്‍ സെക്രട്ടേറിയറ്റില്‍ പലതവണ കയറിയിറങ്ങിയതായി വ്യക്തമായിരിക്കുകയാണ്. സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ മുറിയിലും സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചുവച്ച് തെളിവുകള്‍ നശിപ്പിക്കാമെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നുമുള്ള വ്യാമോഹം പിണറായി വിജയന്‍ ഉപേക്ഷിക്കണം. എല്ലാം സുതാര്യമാണെന്ന് പറയുന്ന മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ കസ്റ്റംസിനു മുമ്പില്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിനാണ് ഒളിപ്പിച്ചുവച്ചത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍, അണ്ടര്‍ സെക്രട്ടറി എന്നിവരെ എന്‍ഐഎ മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടും താനൊന്നുമറിഞ്ഞിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കൊവിഡ് രോഗഭീതി പടര്‍ത്തി ജനങ്ങളെ ത്രസിപ്പിച്ചു നിര്‍ത്തി സ്വര്‍ണ കള്ളക്കടത്ത് മൂടിവയ്ക്കാനുള്ള വ്യാമോഹം വിലപ്പോവില്ല. നാണംകെട്ട് പടിയിറങ്ങേണ്ട അവസ്ഥ വരുന്നതിനു മുമ്പ് പിണറായി വിജയന്‍ സ്വയം രാജിവയ്ക്കുന്നതായിരിക്കും അഭികാമ്യമെന്നും അല്ലാത്തപക്ഷം തലയില്‍ മുണ്ടിട്ട് ഇറങ്ങിപ്പോവേണ്ട ഗതികേട് വരുമെന്നും തുളസീധരന്‍ മുന്നറിയിപ്പുനല്‍കി.

Next Story

RELATED STORIES

Share it